സംസ്ഥാനത്ത് ഈവര്‍ഷം വരള്‍ച്ച രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്
വേനൽ മഴയുടെ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതും വരള്‍ച്ച കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: വേനൽ മഴയുടെ അളവ് ക്രമാതീതമായി കുറഞ്ഞതോടെ സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമായേക്കും. പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതും വരള്‍ച്ച കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ജനുവരിയിലും ഫെബ്രുവരിയിലും മഴയുടെ അളവില്‍ വലിയ കുറവാണ് വന്നിട്ടുള്ളത്.
ഈ സ്ഥിതി തുടർന്നാൽ മാര്‍ച്ച് മാസത്തോടെ സംസ്ഥാനം കൊടും വരള്‍ച്ച നേരിടേണ്ടിവരും. കൂടാതെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായേക്കുമെന്ന് സിഡബ്ല്യുആര്‍ഡിഎം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്) മുന്നറിയിപ്പ് നല്‍കുന്നു.
സാധാരണ മാര്‍ച്ച് മാസത്തില്‍ ഉണ്ടാകേണ്ട ജലവിതാനത്തിലെ കുറവ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ പ്രകടമായിട്ടുണ്ട്. കിണറുകളിലെയും പുഴകളിലെയും ജലനിരപ്പ് കുത്തനെ കുറഞ്ഞു തുടങ്ങിയതായി കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എ ബി അനിത പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഉണ്ടായ പ്രളയം മിക്ക പ്രദേശത്തും മേല്‍മണ്ണ് ഒഴുകിപ്പോകാന്‍ കാരണമായി. മഴവെള്ളം കുത്തിയൊലിച്ച് പോയതോടെ ജലം ഊര്‍ന്നിറങ്ങാനുള്ള സാഹചര്യമാണ് ഇല്ലാതായത്. അതേസമയം, ഫെബ്രുവരി അവസാനം വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടികാട്ടുന്നു.