ഫുല്‍വാരിയ അണക്കെട്ട് വിഴുങ്ങിയ നൂരി മസ്ജിദിന് വരള്‍ച്ചയില്‍ പുനര്‍ജ്ജനി
ഫുല്‍വാരിയ ഡാം റിസര്‍വോയറിന്റെ തെക്കേ അറ്റത്ത് വെള്ളം വറ്റിയതിനെ തുടര്‍ന്നാണ് ബീഹാറിലെ നവാഡ ജില്ലയിലെ രാജൗലി ബ്ലോക്കിലെ ചിറൈല ഗ്രാമത്തില്‍ വെള്ളത്തിനടിയിലായ പള്ളി ദൃശ്യമായത്.
നവാഡ (ബിഹാര്‍): മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ബിഹാറിലെ നവാഡ ജില്ലയിലെ ഫുല്‍വാരിയ അണക്കെട്ട് വിഴുങ്ങിയ മസ്ജിദിന് കടുത്ത വരള്‍ച്ചയില്‍ പുനര്‍ജ്ജനി. ഫുല്‍വാരിയ ഡാം റിസര്‍വോയറിന്റെ തെക്കേ അറ്റത്ത് വെള്ളം വറ്റിയതിനെ തുടര്‍ന്നാണ് ബീഹാറിലെ നവാഡ ജില്ലയിലെ രാജൗലി ബ്ലോക്കിലെ ചിറൈല ഗ്രാമത്തില്‍ വെള്ളത്തിനടിയിലായ പള്ളി ദൃശ്യമായത്.
1985ല്‍ ഫുല്‍വാരിയ അണക്കെട്ട് നിര്‍മിച്ചതിനെത്തുടര്‍ന്ന് മുങ്ങിപ്പോയ നൂരി മസ്ജിദാണ് ഇതെന്നാണ് പഴമക്കാര്‍ പറയുന്നത്. വെള്ളത്തിനടിയില്‍നിന്ന് മസ്ജിദ് പുറത്തുവന്നത് പ്രദേശവാസികളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. പുനര്‍ജ്ജനിച്ച പള്ളി കാണാന്‍ നിരവധി പേരാണ് പ്രദേശത്തെത്തുന്നത്. നിരവധി യുവാക്കള്‍ ചെളിയും മണ്ണും കടന്ന് മസ്ജിദിനടുത്തേക്ക് പോവുന്നതും കാണാം. നിരവധി കുടുംബങ്ങളും മസ്ജിദ് കാണാന്‍ ഇവിടെയെത്തുന്നുണ്ട്.
ദശാബ്ദങ്ങളോളം വെള്ളത്തിനടിയില്‍ കിടന്നിട്ടും മസ്ജിദിന്റെ ഘടനയ്ക്ക് യാതൊരു കേടുപാടുകളും സംഭവിക്കാത്തത്ത് പള്ളിക്ക് അകത്ത് പ്രവേശിച്ചവരെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളോളം വെള്ളത്തില്‍ മുങ്ങിയിട്ടും കെട്ടിടത്തിന് ചെറിയ കേടുപാടുകള്‍ പോലും സംഭവിച്ചിട്ടില്ലെന്നതാണ് ഏവരെയും ആകര്‍ഷിക്കുന്നത്.
നേരത്തെ, ജലനിരപ്പ് കുറയുമ്പോള്‍, പള്ളിയുടെ താഴികക്കുടത്തിന്റെ ഒരു ഭാഗം മാത്രമേ കാണാനായിരുന്നുള്ളു. എന്നാല്‍, ഇത് എന്താണെന്ന് സ്ഥാപിക്കാന്‍ ആളുകള്‍ക്ക് സാധിച്ചിരുന്നില്ല. അണക്കെട്ട് പൂര്‍ണമായും വരണ്ടുണങ്ങിയതോടെയാണ് പള്ളി പൂര്‍ണമായും ദൃശ്യമായിട്ടുള്ളത്. മസ്ജിദിന്റെ തറ മുതല്‍ മുകളിലെ താഴികക്കുടം വരെ ഏകദേശം 30 അടി ഉയരമുണ്ട്.
1979ല്‍ ഫുല്‍വാരിയ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദശാബ്ദങ്ങള്‍ക്കു മുമ്പെ പള്ളി ഇവിടെ നിലനിന്നിരുന്നു.അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഒരു വലിയ ജനസമൂഹം ആ സ്ഥലത്ത് ഉണ്ടായിരുന്നു. മുഴുവന്‍ പ്രദേശവും സര്‍ക്കാര്‍ ഏറ്റെടുക്കുകയും അവിടെ താമസിക്കുന്നവരെ നവാഡ ജില്ലയിലെ രാജൗലി ബ്ലോക്കിലെ ഹാര്‍ദിയ ഗ്രാമത്തിലേക്ക് മാറ്റുകയും ചെയ്തു.
ഫുല്‍വാരിയ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും മസ്ജിദ് അവിടെതന്നെ നിലനിര്‍ത്തുകയായിരുന്നു. അണക്കെട്ടില്‍ വെള്ളം നിറച്ചതോടെ പള്ളിയുള്‍പ്പെടെ മുഴുവന്‍ സ്ഥലവും വെള്ളത്തിനടിയിലായി.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ പള്ളി നിര്‍മിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്.ഏകദേശം 120 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മസ്ജിദിന്റെ താഴികക്കുടത്തിന്റെ വാസ്തുവിദ്യ കണ്ടതിനുശേഷമാണ് ഇത്തരമൊരു നിഗമനത്തിലെത്തുന്നത്.