കരുതിയിരിക്കുക; മൊറട്ടോറിയത്തിൻ്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത്
ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ് കാർഡ് പിൻ നമ്പർ, ഒടിപി എന്നിവ ചോദിച്ചറിഞ്ഞാണ് അക്കൗണ്ടിൽ നിന്നുള്ള പണം തട്ടിയെടുക്കുന്നത്.
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് 19 രോഗബാധയെ തുടർന്ന് വിവിധ മേഖലകളിൽ കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്ക് ആർബിഐ മൊറട്ടോറിയം അനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തെയും മുതലെടുക്കാൻ ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത്.
വായ്പ തിരിച്ചടവുകളിൽ മൊറട്ടോറിയം ആനുകൂല്യം ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി ബാങ്കിന്റെ പേരിൽ വ്യാജഫോൺ വിളികളിലൂടെയാണ് പുതിയ കബളിപ്പിക്കൽ. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ് കാർഡ് പിൻ നമ്പർ, ഒടിപി എന്നിവ ചോദിച്ചറിഞ്ഞാണ് അക്കൗണ്ടിൽ നിന്നുള്ള പണം തട്ടിയെടുക്കുന്നത്.
വായ്പ തിരിച്ചടവുകളിൽ മൊറട്ടോറിയം ലഭിക്കാൻ ബാങ്കുകളുമായി നേരിട്ടോ, പാസ്‌ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാങ്ക് ശാഖയുടെ ഫോൺ നമ്പരിലോ, ഒഫീഷ്യൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിലോ മാത്രം ബന്ധപ്പെടുക. യാതൊരു കാരണവശാലും ബാങ്കിന്റെ പേരിൽ വരുന്ന ഫോൺ വിളികളോട് പ്രതികരിക്കരുത്. മാത്രമല്ല വ്യാജവെബ്സൈറ്റുകളിൽ ലഭ്യമാകുന്ന ബാങ്കുകളുടെ കസ്റ്റമർ കെയർ നമ്പറുകളിലും ബന്ധപ്പെടാതിരിക്കുക.
ഇത്തരത്തിൽ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ജില്ലാ സൈബർസെല്ലുകളിൽ ബന്ധപ്പെടണമെന്നു പോലിസ് അറിയിച്ചു.