സ്റ്റുഡിയോകളിലെ ചിത്രങ്ങള്‍ ഹാക്ക് ചെയ്ത് വിലപേശല്‍; സൈബര്‍ തട്ടിപ്പിന്റെ പുതുവഴി
കോഴിക്കോട്: സ്റ്റുഡിയോകളിലെ കംപ്യൂട്ടറുകളില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഹാക്ക് ചെയ്ത ശേഷം തിരികെ നല്‍കാന്‍ വന്‍തുകയ്ക്കായി വിലപേശുന്ന സൈബര്‍തട്ടിപ്പ് സംഘം സജീവം. ഹാക്ക് ചെയ്ത ഫയലുകള്‍ പഴയ രൂപത്തിലേക്ക് മാറ്റണമെങ്കില്‍ ഉടമയ്ക്കു ലഭിക്കുന്ന സന്ദേശത്തില്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം നല്‍കണം. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം തട്ടിപ്പിനിരയായവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണു കണ്ടെത്തല്‍.
മലപ്പുറം പൂക്കോട്ടുംപാടത്ത് സ്റ്റുഡിയോ നടത്തുന്ന മുള്ളുവിളയില്‍ അജീഷ് പരസ്യങ്ങള്‍ക്കു വേണ്ടിയെടുത്ത ചിത്രങ്ങളും ദൃശ്യങ്ങളും സൂക്ഷിച്ച കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത സംഭവമുണ്ടായി.അജീഷ് എംപെഗ്, ജെപിഇജി രൂപത്തില്‍ സൂക്ഷിച്ച ഫയലുകളെല്ലാം തുറക്കാനാവാത്ത വിധം രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. പരസ്യം ഏല്‍പ്പിച്ചയാളോട് എങ്ങനെ മറുപടി പറയണമെന്നറിയാതെ കുഴഞ്ഞുനില്‍ക്കുമ്പോഴാണ് ഇതേ കംപ്യൂട്ടറില്‍ ഒരു സന്ദേശമെത്തിയത്. 980 ഡോളര്‍ അല്ലെങ്കില്‍ 69,500 രൂപ ബിറ്റ്്‌കോയിന്‍ രൂപത്തിലാക്കി 72 മണിക്കൂറിനുളളില്‍ അയച്ചുനല്‍കിയാല്‍ ഹാക്ക് ചെയ്ത കംപ്യൂട്ടര്‍ പൂര്‍വസ്ഥിതിയിലാക്കാമെന്നാണ് സന്ദേശത്തിലുള്ളത്.
പണം തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നു മനസ്സിലാക്കിയ യുവാവ് പോലിസിനെ സമീപിച്ചതോടെയാണ് സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി വിവരം ലഭിച്ചത്. കംപ്യൂട്ടറിലുണ്ടായിരുന്ന ആന്റ് വൈറസ് സുരക്ഷയെ തകര്‍ത്താണ് ഹാക്കിങിലൂടെ ഫയലുകളുടെ രൂപമാറ്റം വരുത്തിയത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും സ്റ്റുഡിയോ ഉടമകളാണ്. സംഭവം പുറത്തായാല്‍ സ്ഥാപനത്തിന് നല്‍കുന്ന ചിത്രങ്ങള്‍ക്ക് സുരക്ഷയില്ലെന്ന പ്രചാരണം വ്യാപകമാവുന്നത് തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന ഭയം കാരണമാണ് പലരും രേഖാമൂലം പരാതി നല്‍കാത്തതെന്നാണു സൂചന. വൈറസ് വരാതിരിക്കാന്‍ വിന്‍ഡോസ് അപ്‌ഡേറ്റഡ് വേര്‍ഷനും മികച്ച ആന്റി വൈറസും ഉപയോഗിക്കുക എന്നു മാത്രമാണ് പോംവഴിയെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.