വയനാട്ടില്‍ ആശങ്ക പടര്‍ത്തി കുരങ്ങ് പനിയും; നാല് പേര്‍ ചികില്‍സ തേടി
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലാണ് വയനാട്ടില്‍ കുരങ്ങുപനി വ്യാപിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കല്‍പ്പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വയനാട്ടില്‍ ആശങ്ക പടര്‍ത്തി കുരങ്ങുപനിയും. ജില്ലയില്‍ നാല് പേര്‍ കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സ തേടി.
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലാണ് വയനാട്ടില്‍ കുരങ്ങുപനി വ്യാപിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. പുതുതായി നാലുപേര്‍ കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ജുല്ലയില്‍ നിന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയെ കുരങ്ങുപനി കെയര്‍ സെന്ററാക്കി മാറ്റിയത്.
രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളില്‍ കുരങ്ങുപനിക്കെതിരായ ബോധവല്‍ക്കരണവും വാക്‌സിനേഷനും നടക്കുന്നുമുണ്ട്.