മുട്ടില്‍ മരം കൊള്ള: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹരജി പരിഗണിക്കവയൊണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്
കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹരജി പരിഗണിക്കവയൊണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.പ്രതികള്‍ സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തങ്ങള്‍ക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
കേസിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി കസ്റ്റഡിയിലാണ്. കസ്റ്റഡിയില്‍വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം നടന്നു വരികയാണെന്നാണ് സര്‍ക്കാര്‍ വാദം.ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.ഹരജി പിന്നീട് പരിഗണിക്കും.ഹൈക്കോടതിയില്‍ മുന്‍പ് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തത്.