ഫാസിസത്തിനെതിരേ നിരന്തരം ശബ്ദമുയര്‍ത്തണം: പ്രകാശ്‌രാജ്

ചെകുത്താന്‍മാരെ പുറത്താക്കിയ കേരളത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രകാശ്‌രാജ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Update: 2022-01-03 04:30 GMT


എന്‍ഡോവ്‌മെന്റ് നടന്‍ പ്രകാശ് രാജിന് സ്പീക്കര്‍ എം ബി രാജേഷ് സമ്മാനിക്കുന്നു




പാലക്കാട്: വരുംതലമുറയ്ക്കു വേണ്ടിയെങ്കിലും ഫാസിസത്തിനെതിരേ നിരന്തരം ശബ്ദമുയര്‍ത്തണമെന്ന് നടന്‍ പ്രകാശ് രാജ് പറഞ്ഞു. കെജിഒഎ ഏര്‍പ്പെടുത്തിയ ഡോ. എന്‍ എം മുഹമ്മദാലി എന്‍ഡോവ്‌മെന്റ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെകുത്താന്‍മാരെ പുറത്താക്കിയ കേരളത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രകാശ്‌രാജ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

താനിവിടെ നില്‍ക്കുന്നതിന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഒരു കാരണമാണ്. ഫാസിസത്തിന് എതിരേ ഉയര്‍ന്ന അവരുടെ ശബ്ദം നിലയ്ക്കാന്‍ പാടില്ല. നമ്മളിലൂടെ ഗൗരി ലങ്കേഷിന്റെ ശബ്ദം ലോകമറിയണം. കുറ്റം ചെയ്തവരെ ചരിത്രം മറക്കും. എന്നാല്‍ നിശബ്ദരായിരിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുതരില്ലെന്നും പ്രകാശ്‌രാജ് പറഞ്ഞു.

കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറി ഡോ. എന്‍ എം മുഹമ്മദലിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ സൂര്യരശ്മി ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എം ബി രാജേഷാണ് സമ്മാനിച്ചത്. സിനിമയില്‍ വില്ലനാണെങ്കിലും വില്ലന്‍മാരെ തുറന്നുകാണിക്കുന്ന നായകനാണ് പ്രകാശ് രാജെന്ന് എം ബി രാജേഷ് പറഞ്ഞു. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുകയും ഉറച്ച ശബ്ദമായി നിലയുറപ്പിക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നും സ്പീക്കര്‍ പറഞ്ഞു.

50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എ നാസര്‍ അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷ്ണന്‍, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, എ പ്രഭാകരന്‍ എംഎല്‍എ, ടി ആര്‍ അജയന്‍, മുന്‍കാല നേതാവ് മീരാ സാഹിബ്, കെജിഒഎ ഭാരവാഹികളായ എ ടി ബിന്ദു, പി വി ജിന്‍രാജ്, കെ കെ ഷാജി, ഡോ. മുഹമ്മദാലിയുടെ ഭാര്യ കെ എം റാബിയാബി, ഡോ. എസ് ആര്‍ മോഹനചന്ദ്രന്‍, കെ ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെ ആദരവും പ്രകാശ്‌രാജിന് നല്‍കി.

Tags:    

Similar News