തീരദേശ തണ്ണീര്‍തടങ്ങളുടെ സംരക്ഷണത്തിന് ഐസ്ആര്‍ഒയുമായി കൈകോര്‍ത്ത് സിഎംഎഫ്ആര്‍ഐ

സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ആപ്പും വെബ്സൈറ്റും വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു

Update: 2019-04-13 02:54 GMT
തീരദേശ തണ്ണീര്‍തടങ്ങളുടെ സംരക്ഷണത്തിന് ഐസ്ആര്‍ഒയുമായി കൈകോര്‍ത്ത് സിഎംഎഫ്ആര്‍ഐ

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരദേശമേഖലകളിലുള്ള ചെറിയ തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആര്‍ഐ) ഐഎസ്ആര്‍ഒയും കൈകോര്‍ക്കുന്നു. 2.25 ഹെക്ടറില്‍ താഴെയുള്ള തണ്ണീര്‍തടങ്ങളുടെ സംരക്ഷണത്തിനാണ് സംയുക്ത പദ്ധതി. തണ്ണീര്‍തടങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പും വെബ്സൈറ്റും വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐയും ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സ്പേസ് അപ്ലിക്കേഷന്‍സ്് സെന്ററും (സാക്) ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തില്‍ മാത്രം ഈ ഗണത്തില്‍ പെടുന്ന 2592 തണ്ണീര്‍തടങ്ങളുണ്ട്. ഇവയുടെ മാപ്പിംഗ്, തത്സമയ നിരീക്ഷണം തുടങ്ങി തീരദേശവാസികള്‍ക്ക് ഈ മേഖലകളില്‍ മല്‍സ്യ-ചെമ്മീന്‍-ഞണ്ട് കൃഷികള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതടക്കമുള്ളവ മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കും.

സമുദ്രമല്‍സ്യ മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കുന്ന സിഎംഎഫ്ആര്‍ഐയിലെ നിക്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് തുടക്കമിടുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി നശിച്ചുകൊണ്ടിരിക്കുന്ന പല തണ്ണീര്‍തടങ്ങളും പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക, മല്‍സ്യകൃഷിയിലൂടെ തണ്ണീര്‍തട സംരക്ഷണത്തിന് വഴിയൊരുക്കുക, തീരദേശവാസികള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംയുക്ത പദ്ധതി.  

ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് ഐഎസ്ആര്ഒ നേരത്തെ തന്നെ വികസിപ്പിച്ച തണ്ണീര്‍തട ഭൂപടം, ഓരോ പ്രദേശത്തെയും ജലഗുണനിലവാരം, ഭൗതിക-രാസ പ്രത്യേകതകള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കും. സിഎംഎഫ്ആര്‍ഐ ആണ് ഇത്തരം വിവരങ്ങള്‍ ശേഖരിക്കുക. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷി രീതികള്‍ ഏതെന്ന് ആപ്പ് വഴി തീരദേശവാസികള്‍ക്കും കര്‍ഷകര്‍ക്കും നല്‍കും. അതാത് സമയങ്ങളിലെ തണ്ണീര്‍തടങ്ങളുടെ വിവരങ്ങള്‍ തീരദേശവാസികള്‍ക്കും ആപ്പ് വഴി നല്‍കാനാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ നിര്‍ദ്ശങ്ങള്‍ പുറപ്പെടിവിക്കും. വിവരശേഖരണത്തിന് മറ്റ് ഗവേഷണ സ്ഥാപനങ്ങളുടെയും തീരദേശവാസികളുടെയും സഹായം തേടുമെന്ന് സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും നിക്ര പദ്ധതിയുടെ മുഖ്യ ഗവേഷകനുമായ ഡോ പി യു സക്കറിയ പറഞ്ഞു.കാലാവസ്ഥയിലെ മാറ്റം കൊണ്ട് ചെറിയ തണ്ണീര്‍തടങ്ങള്‍ വളരെ വേഗം നശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കൃത്യമായ തത്സമയ വിവരങ്ങള്‍ കൈമാറ്റപ്പെടുന്നതിലൂടെ ഇവ കൃഷിയോഗ്യമാക്കാനും സംരക്ഷിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News