വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ശബ്ദം ഉയര്‍ത്തും: പ്രിയങ്കാ ഗാന്ധി
കല്‍പ്പറ്റ : 'വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ശബ്ദം ഉയര്‍ത്തുമെന്ന് പ്രിയങ്കാ ഗാന്ധി എം പി. വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനത്തിനിടെയാണ് അവര്‍ ഇത്തരത്തില്‍ പ്രസ്താവിച്ചത്. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ അധികാരത്തില്‍ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡലപര്യടന വേളയില്‍ വ്യക്തമാക്കി.
ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ദുരന്ത ബാധിതരെ സഹായിക്കാന്‍ നാട് മുഴുവന്‍ ഒരുമിച്ച് നിന്നത് രാജ്യം മുഴുവന്‍ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികള്‍ പോലും വയനാട്ടിലേക്ക് വരാന്‍ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് എനിക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു. 35 വര്‍ഷമായി ഞാന്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. ഇക്കാലയളവില്‍ ലക്ഷക്കണക്കിന് ആളുകളെ ഞാന്‍ കണ്ടുമുട്ടി. പക്ഷെ ആദ്യമായിട്ടാണ് ഞാന്‍ മത്സരിച്ചത്. ഈ പ്രചാരണത്തില്‍ ഇവിടെ കണ്ടു മുട്ടിയ ഓരോ മുഖവും ഞാന്‍ ജീവിതത്തില്‍ എന്നും ഓര്‍ക്കും'. അവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി.