
മുനമ്പം: വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം പി പ്രസ്താവിച്ചു. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം ഭൂസമരത്തിന്റെ 100ാമത് ദിനത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സ് (അസംബ്ളി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ്) ന്റെ നേതൃത്വത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപന ദിന (101 മത് ദിനം) സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിലപാടിന് വിരുദ്ധമായ പരാമര്‍ശമാണ് ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയിരിക്കുന്നത്.
നിലവിലുള്ള വഖ്ഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഈ ബില്ല് അവതരണത്തില്‍ നിന്ന് പിന്നോട്ട് പോവരുതെന്നും എം പി തുടര്‍ന്ന് അഭ്യര്‍ത്ഥിച്ചു.ആക്റ്റ്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്റ്റ്സ് സെക്രട്ടറി കുരുവിള മാത്യൂസ് ഭാരവാഹികളായ ജോര്‍ജ് ഷൈന്‍, ഫ്രാന്‍സിസ് അമ്പാട്ട് ഭൂസംരക്ഷണ സമിതി ഭാരവാഹികളായ ബെന്നി ജോസഫ്, സിജി ജിന്‍സണ്‍, ജിമ്സി ആന്റണി , റോഷന്‍ ചാക്കപ്പന്‍, അഡ്വ പി സി ജോസഫ് , ബെന്നി കാട്ടു നിലത്ത്, നിക്സണ്‍ മുനമ്പം എന്നിവര്‍ സംസാരിച്ചു.