വഖ്ഫ് ബില്ല്: ജെപിസി പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു; 15 ദിവസത്തിനകം നല്‍കണം
സമിതിക്ക് രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് കോപ്പികള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ജോയിന്റ് സെക്രട്ടറി(ജെഎം), ലോക്‌സഭാ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ 440, പാര്‍ലമെന്റ് ഹൗസ് അനെക്‌സ്, ന്യൂഡല്‍ഹി 110001 എന്ന വിലാസത്തില്‍ അയയ്ക്കണം. ഇമെയിലിലും അയക്കണം.
ന്യൂഡല്‍ഹി: വഖഫ്(ഭേദഗതി) ബില്‍ 2024 ചര്‍ച്ച ചെയ്യാനായി രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) പൊതുജനങ്ങളില്‍ നിന്നും എന്‍ജിഒകള്‍, വിദഗ്ധര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു. 15 ദിവസത്തിനകം പൊതു നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് അറിയിപ്പ്. ഇതുസംബന്ധിച്ച് ഇന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പ് പുറത്തിറക്കി. നിര്‍ദ്ദിഷ്ട ബില്ലിന്റെ വിശാലമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നാണ് കുറിപ്പില്‍ പറയുന്നത്.
സമിതിക്ക് രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് കോപ്പികള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ജോയിന്റ് സെക്രട്ടറി(ജെഎം), ലോക്‌സഭാ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ 440, പാര്‍ലമെന്റ് ഹൗസ് അനെക്‌സ്, ന്യൂഡല്‍ഹി 110001 എന്ന വിലാസത്തില്‍ അയയ്ക്കണം. ഇമെയിലിലും അയക്കണം. നിര്‍ദ്ദിഷ്ട ബില്ലുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും പരസ്യം പ്രസിദ്ധീകരിച്ച തിയ്യതി മുതല്‍ 15 ദിവസത്തിനകം ലഭിക്കണമെന്നാണ് അറിയിപ്പിലുള്ളത്. വഖ്ഫ് (ഭേദഗതി) ബില്ലിലെ ശുപാര്‍ശകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ലോക്‌സഭാ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
മെമ്മോറാണ്ടകള്‍ സമര്‍പ്പിക്കുന്നതിനുപുറമെ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാവാന്‍ ആഗ്രഹിക്കുന്നവര്‍ അത് പ്രത്യേകം സൂചിപ്പിക്കണം. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആഗസ്ത് 22ന് നടന്ന കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍, വഖഫ് (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും വിപുലമായ ചര്‍ച്ച നടത്താനും ആളുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഒരു പരസ്യം നല്‍കാനും നിര്‍ദേശം ഉയര്‍ന്നിരുന്നു. ബിജെപി എംപി ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള ജെപിസി ആവശ്യം അംഗീകരിക്കുകയും ബില്ലില്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. ജെപിസിയിലെ 31 അംഗങ്ങളില്‍ 21 പേര്‍ ലോക്‌സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമാണ്.