ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും; കൈക്ക് കുത്തിയാല്‍ ഇന്നല്ലെങ്കില്‍ നാളെ താമര വിരിയും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തിരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ വോട്ട് ബിജെപിക്ക് എന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ മുദ്രാവാക്യമെന്ന് മന്ത്രി പി രാജീവ്.കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലും ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് അംഗം വോട്ട് ചെയ്തത് കേരളത്തിലെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.ഇന്നലെ വരെ കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കൂടെ വോട്ട് ചോദിച്ച ശേഷമാണ് അദ്ദേഹം പഞ്ചായത്തിലെത്തി ബിജെപിക്ക് വോട്ട് ചെയ്തത്, വീണ്ടും കോണ്‍ഗ്രസിന് വോട്ട് ചോദിക്കാന്‍ പോയത്.സമീപകാലത്താണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി വോട്ട് ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചത്. കേരളത്തില്‍ നിന്നുതന്നെയുള്ള കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതും പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയതും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാര്യമാണ്.
ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാല്‍ ബിജെപിയില്‍ ചേര്‍ന്നത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും. അതുകൊണ്ട് തന്നെ കൈക്ക് കുത്തിയാല്‍ ഇന്നല്ലെങ്കില്‍ നാളെ താമര വിരിയുമെന്ന് പി രാജീവ് പറഞ്ഞു.