വ്യവസായ രംഗത്ത് ജപ്പാനുമായി സഹകരിക്കും;മന്ത്രി പി രാജീവ് ഇന്‍ജാക്ക് സന്ദര്‍ശിച്ചു

ഇന്തോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരളം (ഇന്‍ജാക്ക്) ആസ്ഥാനമായ കളമശ്ശേരിയിലെ നിപ്പോണ്‍ കേരള മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു.ജപ്പാന്‍ മേള, കൊച്ചിയില്‍ ജപ്പാന്‍ ബിസിനസ് ക്ലസ്റ്റര്‍ രൂപീകരണം, വിവിധ വ്യവസായ കൂടി കാഴ്ചകള്‍ എന്നിവയില്‍ ഇന്‍ജാക്കിന് സര്‍ക്കാര്‍ പിന്തുണ വാഗ്ദാനം ചെയ്തു.

Update: 2021-07-17 14:30 GMT

കൊച്ചി: ആഗോള ബിസിനസിന്റെ നാലിലൊന്ന് ഭാഗവും കേന്ദ്രീകരിക്കുന്ന പരിസ്ഥിതി, സമൂഹം, ഭരണം എന്നീ മേഖലകളിലുള്ള (ഇഎസ്ജി) ബിസിനസുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി രാജീവ്. ഇന്തോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരളം (ഇന്‍ജാക്ക്) ആസ്ഥാനമായ കളമശ്ശേരിയിലെ നിപ്പോണ്‍ കേരള സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാന്‍ മേള, കൊച്ചിയില്‍ ജപ്പാന്‍ ബിസിനസ് ക്ലസ്റ്റര്‍ രൂപീകരണം, വിവിധ വ്യവസായ കൂടി കാഴ്ചകള്‍ എന്നിവയില്‍ ഇന്‍ജാക്കിന് സര്‍ക്കാര്‍ പിന്തുണ വാഗ്ദാനം ചെയ്തു. ഷിപ്പിംഗ്, ടൂറിസം, തുടങ്ങി വിവിധ വ്യവസായങ്ങളില്‍ ബിസിനസ് ക്ലസ്റ്റര്‍ രൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യവസായങ്ങളെ സഹായിക്കുന്നതിനായി കൊച്ചിയില്‍ ജപ്പാന്‍ ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന് ഇന്‍ജാക്കുമായി സഹകരിക്കാന്‍ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനായ കിന്‍ഫ്രയോട് ആവശ്യപ്പെടുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

കൊച്ചിഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇന്‍ജാക്ക് പ്രസിഡന്റ് മധു എസ് നായരും ഇന്‍ജാക്കിന്റെ മറ്റ് പ്രതിനിധികളുമായി പി രാജീവ് ചര്‍ച്ച നടത്തി.ഇന്‍ജാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച മധു എസ് നായര്‍, ജപ്പാനിലെ വ്യവസായങ്ങളുമായി സംസ്ഥാന വ്യവസായ മേഖലയെ ബന്ധിപ്പിക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ഥിച്ചു. ഐടി, ഫിഷറീസ്, മെഡിക്കല്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, ടൂറിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന് നല്‍കാവുന്ന വിദഗ്ധ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം മന്ത്രിയെ അറിയിച്ചു.

ഇന്‍ജാക്ക് സെക്രട്ടറി സിഎ ജേക്കബ് കോവൂര്‍, അലുമ്‌നി സൊസൈറ്റി ഓഫ് അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്‌നിക്കല്‍ സ്‌കോളര്‍ഷിപ്പ് (എഎസ്എ കേരളം) പ്രസിഡന്റ് ഇ വി ജോണ്‍, ഇന്‍ജാക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. എഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ എഎസ്എ കേരള വിശദീകരിച്ചു. ജാപ്പനീസ് ഭാഷയിലും ആശയവിനിമയത്തിലും കഴിവുകള്‍ നേടുന്നതിന്റെ പ്രാധാന്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഇന്‍ജാക്ക് ജാപ്പനീസ് ഭാഷാ ക്ലാസുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാമെന്നും വാഗ്ദാനം ചെയ്തു. കേരളവും ജപ്പാനും തമ്മിലുള്ള ബിസിനസ്സ് ബന്ധം വളര്‍ത്തിയെടുക്കുന്നതിന് ജപ്പാനില്‍ നിന്നുള്ള ഒരു നോഡല്‍ ഓഫീസറെ ജപ്പാനില്‍ നിയമിക്കുന്നത് പരിഗണിക്കാന്‍ ഇന്‍ജാക്ക് ആവശ്യപ്പെട്ടു. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പരസ്പരമുള്ള അകലം കുറയ്ക്കുന്നതിനും ബിസിനസുകള്‍ അഭിവൃദ്ധിപ്പെടുത്താനും സഹായിക്കാന്‍ കഴിയും.

ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്‍ജാക്കിനോട് മന്ത്രി ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ല്‍ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെങ്കിലും കൊവിഡ് പകര്‍ച്ചവ്യാധി കാരണം സര്‍ക്കാരിന് ഇത് മുന്നോട്ട് കൊണ്ടുപോകാനായില്ല.കേരള-ജപ്പാന്‍ പങ്കാളിത്തം സംസ്ഥാനത്തിന്റെ വികസനത്തിന് നിര്‍ണായകമാണ്.വര്‍ഷങ്ങളായി നിരവധി ഫലപ്രദമായ ബിസിനസ്സ് പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഇത് നവീകരിക്കേണ്ട സമയമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ജപ്പാന്‍ മേള പുനരാരംഭിക്കാന്‍ മന്ത്രി ഇന്‍ജാക്കിനോട് ആവശ്യപ്പെടുകയും സര്‍ക്കാരിന്റെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. 2018 നവംബറില്‍ കൊച്ചിയില്‍ അവസാനമായി നടത്തിയ ജപ്പാന്‍ മേളയില്‍ 2 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. വരും ആഴ്ചകളില്‍ മന്ത്രി ജാപ്പനീസ് സര്‍ക്കാരിന്റെ പ്രതിനിധികളുമായും കേരളത്തിലെ ബിസിനസ്സ് വ്യക്തികളുമായും ഓണ്‍ലൈന്‍ ബിസിനസ് മീറ്റിംഗുകള്‍ വിളിക്കും.

Tags:    

Similar News