കൊച്ചി ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ച് ഡൊമിനിക്കന്‍ റിപബ്ലിക്ക് അംബാസഡര്‍
കേരള സ്‌റ്റേറ്റ് ഐടി പാര്‍ക്ക്‌സ് സിഇഒ ജോണ്‍ എം തോമസുമായും എയര്‍പേ പേയ്‌മെന്റ് സര്‍വീസസ്, മൈന്‍ഡ്കര്‍വ് ടെക്‌നോളജി സൊല്യൂഷന്‍സ്, സീറോ ഐടി സൊല്യൂഷന്‍സ്, കാല്‍പൈന്‍ ഗ്രൂപ്പ് തുടങ്ങിയ ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനി പ്രതിനിധികളുമായും ഡേവിഡ് പ്യൂഗ് കൂടിക്കാഴ്ച നടത്തി.
കൊച്ചി: ഡൊമിനിക്കന്‍ റിപബ്ലിക്ക് അംബാസഡര്‍ ഡേവിഡ് പ്യൂഗ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്‍ഫോപാര്‍ക്കിലും എത്തിയത്. വിദ്യാഭ്യാസ, സാങ്കേതിക രംഗത്തെ കേരളത്തിന്റെ നൈപുണ്യം മനസിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. കേരള സ്‌റ്റേറ്റ് ഐടി പാര്‍ക്ക്‌സ് സിഇഒ ജോണ്‍ എം തോമസുമായും എയര്‍പേ പേയ്‌മെന്റ് സര്‍വീസസ്, മൈന്‍ഡ്കര്‍വ് ടെക്‌നോളജി സൊല്യൂഷന്‍സ്, സീറോ ഐടി സൊല്യൂഷന്‍സ്, കാല്‍പൈന്‍ ഗ്രൂപ്പ് തുടങ്ങിയ ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനി പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സാങ്കേതിക കഴിവുകളിലും ജീവിത ഭൗതിക സാഹചര്യങ്ങളിലും കേരളവും ഡൊമിനിക്കന്‍ റിപബ്ലിക്കും സമമാണെന്നും സര്‍ക്കാരുകള്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഡേവിഡ് പ്യൂഗ് പറഞ്ഞു. കേരളത്തിലെ ഐടി മേഖലയുടെ വളര്‍ച്ചയും സൗകര്യങ്ങളും കണ്ട് മനസിലാക്കാനായെന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഐടി മേഖലയിലെ സാധ്യതകള്‍ ഈ സന്ദര്‍ശനം വഴി മനസിലായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും സഹകരണവുമാണ് കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് കൂടുതല്‍ കമ്പനികളെ എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡേവിഡ് പ്യൂഗിനെ കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡൊമിനിക്കന്‍ റിപബ്ലിക്കിലെയും കേരളത്തിലെയും സമാനതകളെപ്പറ്റി മനസിലാക്കാന്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ച വഴി കഴിഞ്ഞെന്നും കേരള സ്‌റ്റേറ്റ് ഐടി പാര്‍ക്ക്‌സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. വ്യവസായ രംഗത്തെ വികസനം, സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച, ടെക്‌നോളജി രംഗത്തെ വളര്‍ച്ച തുടങ്ങിയവയിലെ വെല്ലുവിളികളും സാധ്യതകളും മനസിലാക്കാനും പഠിക്കാനും പരസ്പരം സഹകരിക്കാനും ഇത്തരം കൂടിക്കാഴ്ച്ചകള്‍ വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കഴിയുന്ന മേഖലകളിലെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കാനും അതുവഴി ഗുണകരമായ ഫലമുണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഹബ്ബ് കളമശ്ശേരി, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടങ്ങിയ സ്ഥാപനങ്ങളും ഡൊമിനിക്കന്‍ റിപബ്ലിക്ക് അംബാസഡര്‍ ഡേവിഡ് പ്യൂഗ് സന്ദര്‍ശിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തെപ്പറ്റി കൂടുതല്‍ മനസിലാക്കാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ ആറ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു.