ക്ലാസുകള്‍ ഓൺലൈനിൽ; വിദ്യാർഥികൾ റേഞ്ചിന് പുറത്തായതിനാൽ പഠനം 'വട്ടംചുറ്റുന്നു'
നെറ്റ്‌വർക്ക് തകരാറും മഴയത്ത് വൈദ്യുതി മുടക്കവും പതിവായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്.
തിരുവനന്തപുരം: ക്ലാസുകള്‍ ഓൺലൈൻ ആയെങ്കിലും വിദ്യാർഥികൾ റേഞ്ചിന് പുറത്തായതിനാൽ പഠനം 'വട്ടംചുറ്റുന്നു'. നെറ്റ്‌വർക്ക് തകരാറും മഴയത്ത് വൈദ്യുതി മുടക്കവും പതിവായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്. ഇടുക്കി ജില്ലയിൽ മിക്ക സ്‌കൂളുകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിലെ സ്ഥിതിയാണ് ഏറെ രൂക്ഷം. ബിഎസ്എൻഎൽ അടക്കമുള്ള മൊബൈൽ സേവനദാതാക്കളോട് പലതവണ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല. ചില സ്‌കൂളുകൾ അവരുടെ പാഠഭാഗങ്ങൾ വാട്‌സ്ആപ്പിലേക്കും മറ്റും വിദ്യാർഥികൾക്ക് അയച്ചുകൊടുക്കുന്നുണ്ട്. എന്നാൽ, നെറ്റ്‌വർക്ക് പതുക്കെ ആയതിനാൽ വിഡിയോ ഡൗൺലോഡ് ചെയ്യുന്നത് അടക്കം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
വിക്‌ടേഴ്‌സ് ചാനൽ കിട്ടുന്നയിടങ്ങളിൽ പഠനം നടക്കുമെങ്കിലും ഇവിടെ വെല്ലുവിളി വൈദ്യുതി മുടക്കമാണ്. ക്ലാസുകൾ തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിനു പുറത്താണ് . സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിൽ ഇടുക്കിയിൽ മാത്രം 1470 കുട്ടികളാണ് ഇത്തരത്തിലുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇനി എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യം ഏർപ്പെടുത്താനാണ് ശ്രമം. ഇന്റർനെറ്റ് സൗകര്യം, കേബിൾ ശൃംഖല എന്നിവ ഇല്ലാത്ത ഇടങ്ങളിൽ ഓഫ്‌ലൈൻ സൗകര്യമാണ് ഏർപ്പെടുത്തുന്നത്. ഇതിനായി സംപ്രേഷണം ചെയ്ത ക്ലാസുകൾ പെൻഡ്രൈവിൽ കോപ്പിചെയ്ത് നിശ്ചിത കേന്ദ്രങ്ങളിലെത്തിച്ച് കുട്ടികൾക്കായി പ്രദർശിപ്പിക്കും.