ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
യുവതിക്ക് പ്രസവ കാലാവധി ആയിരുന്നില്ലെന്നും അതിനാലാണ് മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇതരസംസ്ഥാനക്കാരിയായ യുവതി വഴിമധ്യേ ആംബുലന്‍സില്‍ പ്രസവിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊണ്ടയാട് ജങ്ഷന് സമീപം വെള്ളംകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ വേദന അധികമാവുകയായിരുന്നു. റോഡരികില്‍ത്തന്നെ നിര്‍ത്തിയ ആംബുലന്‍സില്‍ പ്രസവം നടന്നു.
അമ്മയെയും കുഞ്ഞിനെയും ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവതിക്ക് പ്രസവ കാലാവധി ആയിരുന്നില്ലെന്നും അതിനാലാണ് മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിക്ക് ആവശ്യമായ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ഇല്ലാത്തതിനാലാണ് റഫര്‍ ചെയ്തതെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ പറഞ്ഞു.