പോലിസ് സ്റ്റേഷനുകള്‍ നാളെ വനിതകള്‍ ഭരിക്കും
എസ്‌ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. പോലിസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.
തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാദിനമായ നാളെ സംസ്ഥാനത്തെ പരമാവധി പോലിസ് സ്റ്റേഷനുകളില്‍ വനിതാപോലിസ് ഉദ്യോഗസ്ഥര്‍ ചുമതലകള്‍ നിര്‍വഹിക്കും. എസ്‌ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പോലിസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. ഒന്നിലധികം വനിതാ എസ്‌ഐമാരുള്ള സ്റ്റേഷനുകളില്‍ നിന്ന് അധികം ഉള്ളവര്‍ക്ക് സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നല്‍കും. വനിതാ പോലിസ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരെയും സിവില്‍ പോലിസ് ഓഫിസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിന് അതത് ജില്ലാ പോലിസ് മേധാവിമാര്‍ നിയോഗിക്കും. വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയുമായി സഹകരിക്കാനും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കി.