കനവ് സ്ഥാപക ഷേര്‍ളി മേരി ജോസഫ് അന്തരിച്ചു

ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഷേര്‍ളി.

Update: 2021-12-23 02:14 GMT

നടവയല്‍: കനവ് സ്ഥാപകയും വിദ്യാഭാസ, സാസ്‌കാരിക പ്രവര്‍ത്തകയുമായ കൊച്ചുപൂവത്തിങ്കല്‍ ഷേര്‍ളി മേരി ജോസഫ് (62) അന്തരിച്ചു. ആദിവാസി കുട്ടികള്‍ക്കായി 1994-ല്‍ നടവയലിനടുത്ത് ചീങ്ങോട് കെ ജെ ബേബിയ്‌ക്കൊപ്പം സ്ഥാപിച്ച കനവ് ബദല്‍ വിദ്യാകേന്ദ്രത്തിന്റെ നെടുംതൂണായിരുന്നു ഷേര്‍ളി.

എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ ജെ ബേബിയാണ് ഭര്‍ത്താവ്.

ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഷേര്‍ളി. പുല്പള്ളി പഴശ്ശിരാജാ കോളജ് അധ്യാപികയായിരുന്ന ഷേര്‍ളി ജോലിയില്‍നിന്ന് സ്വയം വിരമിച്ചാണ് കനവിന്റെ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയത്. കനവ് ബദല്‍ വിദ്യാഗുരുകുലത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി മുഴുവന്‍സമയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു.

നാട്ടുഗദ്ദിക ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പേര്യ ബൊട്ടാണിക്കല്‍ സാങ്ച്വറിയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്.

മക്കള്‍: ശാന്തിപ്രിയ, ഗീതി പ്രിയ. മരുമകന്‍: സുനില്‍കുമാര്‍ (ബാലുശ്ശേരി). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11-ന് പേര്യയില്‍.

Similar News