യാക്കോബായ സഭയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ;കുപ്രചരണം നടത്തി തകര്‍ക്കാന്‍ നോക്കേണ്ടെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത
വിശ്വാസതര്‍ക്കമല്ല, ഭരണ നിര്‍വഹണ തര്‍ക്കമാണ്.മൃതദേഹങ്ങള്‍ വച്ച് വിലപേശാന്‍ നോക്കേണ്ട.കൃത്യതയുള്ള ഒരു ഭരണക്രമത്തിന് കീഴില്‍ വരാനുള്ള പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ മടിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
കൊച്ചി: യാക്കോബായ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ.ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതി വിധിയുടെ മറവില്‍ പള്ളികള്‍ കയ്യേറുന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1958 മുതല്‍ 72 വരെ എങ്ങനെ പള്ളികള്‍ ഭരിക്കപ്പെട്ടുവോ അത്തരത്തില്‍ തുടര്‍ന്നും ഭരിക്കപ്പെടണം എന്നതാണ് സഭയുടെ നിലപാട്. 74 മുതല്‍ പല പള്ളികളില്‍ നിന്നും ഓര്‍ത്തഡോക്‌സ് വൈദികരെയും വിശ്വാസികളെയും അനാവശ്യമായി പാത്രിയാര്‍ക്കീസ് പക്ഷം അടിച്ചു പുറത്താക്കുകയായിരുന്നു. അന്ന് കൊടുത്ത കേസുകള്‍ക്കാണ് ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്. പള്ളികളുടെ യഥാര്‍ഥ അവകാശികള്‍ ഓര്‍ത്തഡോക്‌സ് സഭയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 1934 ലെ ഭരണഘടന അനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. 34 ലെ ഭരണക്രമം പള്ളികളില്‍ സ്ഥാപിക്കുന്നതിന് വേണ്ടിയും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുമായുള്ള പരിശ്രമങ്ങള്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പള്ളികളൊന്നും പാത്രിയാര്‍ക്കീസ് പക്ഷം തനിച്ച് പണിതവയല്ല. വഴക്കുകള്‍ ആരംഭിക്കും മുന്‍പ് പണിതതാണ്. 1958 ല്‍ എല്ലാവരും അംഗീകരിച്ച ഭരണഘടന അനുസരിച്ചാണ് പള്ളികള്‍ ഭരിക്കേണ്ടത്. അതെ കുറിച്ച് ഒന്നുമറിയില്ല എന്ന് പാത്രിയര്‍ക്കീസ് പക്ഷം പറയുന്നത് ശുദ്ധ കളവാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. കൃത്യതയുള്ള ഒരു ഭരണക്രമത്തിന് കീഴില്‍ വരാനുള്ള പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ മടിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കൃത്യമായി കണക്കുകള്‍ അവതരിപ്പിക്കുന്ന രീതി ഇടവക തലത്തിലും ഭദ്രാസനം തലത്തിലും സഭാതലത്തിലും വരുന്നതിനു എതിരെയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നീക്കം.സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നില്ല. അതിനായി വിശ്വാസം മാറ്റുന്നില്ല. വിശ്വാസം മാറ്റുന്നു എന്ന് എഴുതി നല്‍കേണ്ട ആവശ്യവുമില്ല. ഇത് ഓര്‍ത്തഡോക്‌സ് സഭക്കെതിരായ കുപ്രചാരണമാണ്. ഒരു വിശ്വാസത്തെയും തള്ളി പറഞ്ഞു മറ്റൊരു വിശ്വാസത്തെ സ്വീകരിക്കേണ്ട സാഹചര്യം ഇല്ല. ആരെയും പള്ളികളില്‍ നിന്ന് പുറത്താക്കുന്നില്ല. എല്ലാവര്‍ക്കും ഒന്നിച്ചു നിന്ന് ആരാധിക്കാനുള്ള സൗകര്യം ഒരുക്കാനാണ് ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നത്.
ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. 74 മുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഒരു വിട്ടുവീഴ്ചയും പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്നുണ്ടായിട്ടില്ല. ജഡ്ജിമാരുടെയും മന്ത്രിമാരുടെയും വൈഎംസി എ യുടെയും ഒക്കെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. മാത്രമല്ല, ചര്‍ച്ചകള്‍ വിധി നടത്തിപ്പ് താമസിപ്പിക്കാനുള്ള ഉപാധി മാത്രമായാണ് പാത്രീയാര്‍ക്കീസ് പക്ഷം കണ്ടത്. അതിനാല്‍ ഇനിയും ഇത്തരത്തില്‍ കബളിക്കപ്പെടുവാന്‍ ഓര്‍ത്തഡോക്‌സ് സഭ തയാറല്ല. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ നടത്തുന്ന മറ്റ് കൂദാശകളെല്ലാം പാത്രിയര്‍ക്കീസ് പക്ഷം അംഗീകരിക്കുമ്പോള്‍ ശവസംസ്‌കാരത്തിന്റെ കാര്യത്തില്‍ മാത്രം ഓര്‍ത്തഡോക്‌സ് വൈദികരെ അംഗീകരിക്കാത്തത് ജനങ്ങളുടെ വികാരം ഇളക്കി വിട്ടു പൊതു സമൂഹത്തിന്റെ സിമ്പതി പിടിച്ചു പറ്റുന്നതിനു വേണ്ടിയുള്ള നാടകം മാത്രമാണെന്നും ഇത്തരം കുപ്രചാരണങ്ങളില്‍ വിശ്വാസികളും പൊതുസമൂഹവും വഴിപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.രണ്ട് വര്‍ഷമായി ഒരു സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ താല്പര്യക്കുറവാണ്. സുപ്രീം കോടതിയുടെ മറ്റ് വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ആവേശവും ആര്‍ജ്ജവവും സഭാതര്‍ക്കത്തില്‍ ഉണ്ടായില്ല. പൂര്‍ണമായും ഭരണ നിര്‍വഹണ തര്‍ക്കം മാത്രമാണെന്നും വിശ്വാസ തര്‍ക്കം അല്ലെന്നുമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിനെ സുപ്രീം കോടതി തന്നെ ശരിവച്ചിട്ടുള്ളതാണ്. എന്നിട്ടും ഇത് വിശ്വാസ തര്‍ക്കം എന്ന വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു.
സഭാ വിശ്വാസികള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. തര്‍ക്കങ്ങള്‍ അക്രമം കൊണ്ട് നേരിടുന്ന തീവ്രവാദ സ്വഭാവത്തിന് പോലിസും സര്‍ക്കാരും ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം പിറവത്ത് ജവാന്റെ ശവസംസ്‌കാരം തടഞ്ഞു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം. ശവസംസ്‌കാരം ഭംഗിയായി നടത്താമെന്ന് വികാരി പറഞ്ഞെങ്കിലും മറുവിഭാഗം അനുവദിച്ചില്ല. പള്ളി തുറന്നിട്ട് കൊടുക്കുകയും ശവസംസ്‌കാര ശുശ്രൂഷയ്ക്ക് സാഹചര്യം ഒരുക്കുകയും ചെയ്തിട്ടും മൃതദേഹം പള്ളിയില്‍ കയറ്റാതെ കുപ്രചരണം നടത്തുകയായിരുന്നു. മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 ന്റെ സാധുത പരിശോധിക്കുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എതിരെ നല്‍കിയ ഹരജികള്‍ പിന്‍വലിച്ചത് ഇതിനു തെളിവാണ്.വൈദിക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോണ്‍, എംഒഎസ്‌സി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവരുംവാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.