അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടി ഷോളയൂര്‍ വരഗമ്പാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. പനിയെത്തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു മരണം.

Update: 2020-05-08 06:04 GMT

പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗമ്പാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. പനിയെത്തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു മരണം. കോയമ്പത്തൂരിലായിരുന്ന കാര്‍ത്തിക് ഏപ്രില്‍ 29ന് വനത്തിലൂടെ നടന്നാണ് ഊരിലെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തുകയും ഇയാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയുമായിരുന്നു. കാര്‍ത്തികിനൊപ്പം ആറുപേരും കോയമ്പത്തൂരില്‍നിന്നുമെത്തിയിരുന്നു. ഇവരും നിരീക്ഷണത്തിലാണ്.

രണ്ടുദിവസം മുമ്പ് പനിയെത്തുടര്‍ന്ന് കാര്‍ത്തിക് കോട്ടത്തറയിലെ ട്രൈബല്‍ ആശുപത്രിയില്‍ ചികില്‍സതേടിയിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും ഇന്ന് രാവിലെ കാര്‍ത്തികിനെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. കാര്‍ത്തികിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പാലക്കാട് കൊവിഡ് ബാധിച്ച് നിലവില്‍ ഒരാള്‍ മാത്രമാണ് ചികില്‍സയിലുണ്ടായിരുന്നത്. ജില്ലയില്‍ 2,923 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 

Tags:    

Similar News