മന്ത്രിയുടേയും പോലിസുകാരുടേയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോർച്ച നേതാവ്

മന്ത്രിയും പോലിസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി.

Update: 2020-09-26 08:15 GMT

കൊല്ലം: മന്ത്രിക്കും പോലിസുകാർക്കുമെതിരെ ഭീഷണിയുമായി യുവമോർച്ച നേതാവ്. യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജാണ് ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയെയും പോലിസുകാരെയും വീട് കയറി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് ഭീഷണിമുഴക്കി സംസാരിച്ചത്.

മന്ത്രിയും പോലിസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി. യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ അകാരണമായി പോലിസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തിൽ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.

മന്ത്രി കെ ടി ജലീൽ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താൻ ശ്രമിച്ചതിനും യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരുടെ വീടുകളിൽ പോലിസ് റെയ്ഡ് നടത്തിയിരുന്നു. 

Tags:    

Similar News