സക്കരിയയുടെ പരോള്‍ അപേക്ഷ തള്ളി; അസുഖബാധിതയായ മാതാവിനെ കാണാനാവില്ല
അഞ്ചു ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് സക്കരിയയുടെ അഭിഭാഷകന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞയാഴ്ച ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍, വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ തടസ്സമുണ്ടാവുന്ന വിധത്തില്‍ പരോള്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് പ്രതീക്ഷകള്‍ മങ്ങിയത്.
ബെംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ, അസുഖബാധിതയായ മാതാവിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരോള്‍ അപേക്ഷ കോടതി തള്ളി. അഞ്ചു ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് സക്കരിയയുടെ അഭിഭാഷകന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞയാഴ്ച ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍, വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ തടസ്സമുണ്ടാവുന്ന വിധത്തില്‍ പരോള്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് പ്രതീക്ഷകള്‍ മങ്ങിയത്. വ്യാഴാഴ്ച വിധി പറയാന്‍ മാറ്റിവച്ച പരോള്‍ അപേക്ഷ കോടതി തള്ളിയതായി ബന്ധുക്കള്‍ തേജസ് ന്യൂസിനോട് പറഞ്ഞു.
പരപ്പനങ്ങാടി വാണിയപറമ്പത്ത് കോണിയത്ത് സക്കരിയയുടെ മാതാവ് ബിയ്യുമ്മ പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സക്കരിയ്യയുടെ ജയില്‍വാസവും മറ്റൊരു മകന്റെ അകാലവിയോഗവുമാണ് ബിയ്യുമ്മയെ തളര്‍ത്തിയത്. എന്നാല്‍, അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ അഞ്ചുദിവസം പരോള്‍ വേണമെന്നാണ് സക്കരിയ്യ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെ വിചാരണയുടെ പേരുപറഞ്ഞ് പ്രോസിക്യൂഷന്‍ എതിര്‍ത്തതോടെ, വിചാരണയ്ക്കു യാതൊരു തടസ്സവുമില്ലാതെ അവധി ദിവസങ്ങളായ രണ്ടാം ശനിയും ഞായറും ഉള്‍പ്പെടെ മൂന്നുദിവസം അനുവദിച്ചാല്‍ മതിയെന്ന് സക്കരിയ്യയുടെ വക്കീല്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂഷന്‍ മൗനം പാലിക്കുകയായിരുന്നു. പരോള്‍ അപേക്ഷ വ്യാഴാഴ്ച്ചത്തേക്കു വിധി പറയാന്‍ മാറ്റിവച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജഡ്ജി തള്ളുകയായിരുന്നു. സക്കരിയ ഉള്‍പ്പെടെ എല്ലാവരും കരുതിയത് മൂന്നുദിവസമെങ്കിലും മാതാവിനോടൊപ്പം
നില്‍ക്കാന്‍ കഴിയുമെന്നാണെന്നും പക്ഷേ, നീതിയുടെ 'നടത്തിപ്പുകാര'നായ ജഡ്ജി ഇന്ന് വളരെ നിസ്സാരമായി റിജക്റ്റഡ് എന്ന് പറഞ്ഞെന്നും ബംഗളൂരുവില്‍ വിചാരണത്തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിചാരണ മഹാമഹം കഴിയുമ്പോഴേക്കും നീതിയുടെ സൂര്യന്‍ ഉദിക്കുമോ അസ്തമിക്കുമോ എന്ന് കാത്തിരുന്നു കാണാം.
സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ! അവന്‍ മാത്രമാണ് ആശ്രയം! അവനിലേക്കാണ് മടക്കവും!!! എന്ന വാക്കുകളോടെയാണ് മഅ്ദനി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
2009 ഫെബ്രുവരി അഞ്ചിനാണ് കര്‍ണാടക പോലിസ് ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് സക്കരിയയെ ജോലി സ്ഥലമായ തിരൂരില്‍ നിന്നു കര്‍ണാടകയിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. സക്കരിയ നാല് മാസത്തോളം ജോലി ചെയ്തിരുന്ന മൊബൈല്‍ ഷോപ്പില്‍ നിന്നാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് നിര്‍മിച്ചതെന്നും ഈ സമയം സക്കരിയ ഇവിടെ ജോലി ചെയ്തിരുന്നുവെന്നുമാണ് കര്‍ണാടക പോലിസിന്റെ ഭാഷ്യം. 2008ല്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയാണ് 18ാം വയസ്സില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി സക്കരിയ്യയെ ജയിലിലടച്ചത്. കേസിന്റെ സക്ഷി വിസ്താരം പൂര്‍ത്തിയായിട്ടും സക്കരിയക്കെതിരെ ഒരു സാക്ഷിയെ പോലും ഹാജരാക്കാന്‍ പോലിസിനായിരുന്നില്ല.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ടുതവണയാണ് സക്കരിയക്ക് ജാമ്യം ലഭിച്ചത്. ആദ്യം തന്റെ സഹോദരന്‍ മുഹമ്മദ് ശരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രണ്ടാമതായി അതേ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമായിരുന്നു. സക്കരിയയുടെ നീതിക്കുവേണ്ടി നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരൂം സുഹൃത്തുക്കളും ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.