കണ്ണുകെട്ടിയ നീതിക്കു മുന്നില്‍ തളര്‍ന്ന് വീണ ഉമ്മയെ കാണാന്‍ സക്കരിയ എത്തി

ഇന്ന് രാവിലെ 8 മണിക്കാണ് പരപ്പനങ്ങാടി പുത്തന്‍പീടികയിലെ വീട്ടില്‍ ഒരു ഭാഗം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാന്‍ സക്കരിയ 7 അംഗ കര്‍ണാടക പോലിസിന്റെയും പരപ്പനങ്ങാടി പോലിസിന്റെയും അകമ്പടിയോടെ എത്തിയത്.

Update: 2019-10-20 05:10 GMT
ഹമീദ് പരപ്പനങ്ങാടി


പരപ്പനങ്ങാടി: നീതിപീഠം കണ്ണടച്ചപ്പോള്‍ നിസ്സാഹയതയോടെ തളര്‍ന്ന് വീണ ഉമ്മയെ കാണാന്‍ സക്കരിയ വീട്ടിലെത്തി. ഇന്ന് രാവിലെ 8 മണിക്കാണ് പരപ്പനങ്ങാടി പുത്തന്‍പീടികയിലെ വീട്ടില്‍ ഒരു ഭാഗം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാന്‍ സക്കരിയ 7 അംഗ കര്‍ണാടക പോലിസിന്റെയും പരപ്പനങ്ങാടി പോലിസിന്റെയും അകമ്പടിയോടെ എത്തിയത്. ബംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കോണിയത്ത് സക്കരിയക്ക് ഉമ്മയെ കാണാന്‍ ഇന്ന് ഒരു ദിവസത്തെ ജാമ്യം വിചാരണ കോടതി അനുവദിക്കുകയായിരുന്നു.

നാട്ടിലെത്തി കാണാനടക്കമുള്ള ചെലവുകള്‍ കുടുംബം വഹിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. മകന്റെ വരവ് പ്രതീക്ഷിച്ച് ഉമ്മ കിടക്കയില്‍ തളര്‍ന്ന് കിടക്കുകയായിരുന്നെങ്കിലും മകനെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. കഴിഞ്ഞ 2 പ്രാവശ്യവും പരോളില്‍ വന്നപ്പോഴും നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് സ്വീകരിക്കാന്‍ ഓടിയെത്തിയ ബിയ്യുമ്മ ഇന്ന് ഒരു ഭാഗം തളര്‍ന്ന് കിടപ്പിലാണ്. മൂന്നാം തവണയാണ് വിചാരണ തടവുകാരനായതിന് ശേഷം സക്കരിയ നാട്ടിലെത്തുന്നത്. കൂടപ്പിറപ്പിന്റെ വിവാഹത്തിനും പിന്നെ അവന്റെ മരണസമയത്തും ഇപ്പോള്‍ രോഗശയ്യയിലായ ഉമ്മയെ കാണാനും. ബാല്യം വിട്ടുമാറാത്ത സമയത്താണ് ആരുടെക്കെയൊ തിരക്കഥയില്‍ സക്കരിയയെന്ന ഈ ചെറുപ്പക്കാരന്‍ കേസില്‍ അകപ്പെട്ട് ജയിലിലാവുന്നത്. വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുന്നു.



നിരപരാധിയായ ഈ ചെറുപ്പക്കാരനെ കുടുക്കിയവരും ഇന്ന് വിചാരണയെന്ന പ്രഹസനത്തില്‍ കേസിനെ അനന്തമായി വലിച്ചിഴക്കുന്നവരും ഈ കുടുംബത്തിനോട് ചെയ്യുന്ന ക്രൂരതകള്‍ താങ്ങാന്‍ ഇവര്‍ പ്രാപ്തരായിരിക്കുന്നു. അത്രയേറെ പരീക്ഷണങ്ങളാണ് ബിയ്യുമ്മയും സക്കരിയയും അടങ്ങുന്ന കുടുംബത്തിന് നേരിടേണ്ടി വന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപെട്ട മക്കളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ബിയ്യുമ്മയുടെ പോരാട്ടം യഥാര്‍ത്ഥത്തില്‍ ജീവിതത്തിനോട് മാത്രമല്ല അനീതികള്‍ക്ക് പരവതാനി വിരിക്കുന്ന ഭരണകൂടത്തിനോടും കൂടിയാണ്. ഇന്ന് എല്ലാ ദുഃഖങ്ങളും വീട്ടിലെ കിടക്കയില്‍ ഒതുക്കി തളര്‍ന്നിരിപ്പുണ്ട് ബിയ്യുമ്മ. മകന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ട് അവന്‍ പുറത്ത് വരുന്നത് കാണാന്‍ കഴിയുമെന്ന ആഗ്രഹത്തിന് ആയുസ്സുണ്ടാകണമെന്നാണ് ഇവരുടെ പ്രാര്‍ത്ഥന. ഇന്ന് സക്കരിയ 2 തവണ കണ്ടതിനേക്കാള്‍ വളരെയേറെ മാറിയിരിക്കുന്നു. നീണ്ട താടിയും പക്വതയാര്‍ന്ന മുഖഭാവവും. പക്ഷെ എത്ര കല്‍തുറുങ്കുകളില്‍ അടച്ചിട്ടാലും പടച്ച തമ്പുരാന്റെ അനുഗ്രഹം തന്നെ നിരപരാധിയായി പുറത്ത് എത്തിക്കുമെന്ന് തന്നെയാണ് സക്കരിയയുടെ പ്രതീക്ഷ. സുപ്രിം കോടതിയടക്കം വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഉത്തരവ് നല്‍കിയിട്ടും കേസ് ഇഴഞ്ഞുനീങ്ങുകയാണ്.

മണിക്കൂറുകള്‍ മാത്രം നീളുന്ന ഉമ്മയുമായുള്ള ഒത്തുചേരലിനു ശേഷം സക്കരിയ ഇന്ന് രാത്രി വീണ്ടും തിരിച്ച് കര്‍ണാടകയിലെ ജയിലിലേക്കു മടങ്ങും. നാളെ രാവിലെ 9 മണിക്ക് ഹാജരാകണം. മരിച്ച ജ്യേഷ്ഠന്റെ മകനേയും ഉമ്മയേയും കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് കൊതിതീരും മുമ്പ് വീണ്ടുമൊരു മടക്കയാത്ര. 

Tags:    

Similar News