സ്പ്രിങ്ക്‌ളര്‍ വിവാദം: രേഖകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍, കരാര്‍ ഒപ്പിട്ടത് ഏപ്രില്‍ 2ന്, കരാര്‍ വ്യവസ്ഥകള്‍ കൃത്യമാക്കിയത് ആരോപണമുയര്‍ന്ന ശേഷം
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറിന് കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ വിവരങ്ങള്‍ മറിച്ചുവിറ്റുവെന്ന ആരോപണത്തിനു മറുപടിയായി കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കേരള സര്‍ക്കാര്‍ പുറത്തുവിട്ടു. https://kerala.gov.in/datatransparency/ എന്ന ഹൈപ്പര്‍ ലിങ്കില്‍ രേഖകള്‍ ലഭ്യമാണ്. ഡാറ്റയുമായി ബന്ധപ്പെട്ട കൃത്യമായ വ്യവസ്ഥ രൂപപ്പെട്ടത് പ്രതിപക്ഷ ആരോപണത്തിനു ശേഷമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
കമ്പനിയും ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്സും തമ്മില്‍ ഒപ്പു വച്ച പര്‍ചെയ്‌സ് ഓര്‍ഡര്‍, ഏപ്രില്‍ 11ന് സ്പ്രിങ്ക്‌ളര്‍ കമ്പനി എഴുതി അയച്ച ഡാറ്റയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖ, ഏപ്രില്‍ 12ന് സര്‍ക്കാരിന്റെ അവകാശം കുറച്ചുകൂടെ ഉറപ്പിച്ചു രേഖപ്പെടുത്തിയ രേഖ എന്നിവയാണ് പുറത്തുവിട്ടത്. രേഖകള്‍ പ്രകാരം എല്ലാ ഡാറ്റയുടെയും അവകാശം കേരള സര്‍ക്കാരിനാണ്.
പുറത്തുവന്ന രേഖകള്‍ പ്രകാരം കമ്പനിയും സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചത് ഏപ്രില്‍ രണ്ടാം തിയ്യതിയാണ്. അതുപ്രകാരം സെപ്റ്റംബര്‍ 24ാം തിയ്യതിവരെയോ അല്ലെങ്കില്‍ കൊവിഡ് ഭീതി അവസാനിക്കും വരെയാണ് കരാറിന്റെ കാലാവധി.
ഏപ്രില്‍ 2ന് പര്‍ചെയ്‌സ് ഓര്‍ഡര്‍ ഒപ്പുവച്ചു. ഏപ്രില്‍ 9, 10 തിയ്യതികളിലാണ് ഡാറ്റ മറിച്ചുവിറ്റതാണെന്ന ആരോപണം ഉയര്‍ന്നുവന്നത്. അത് പ്രതിപക്ഷം ഉന്നയിക്കുന്നത് ഏപ്രില്‍ 10നും. അതിന്റെ അടുത്ത ദിവസം ഏപ്രില്‍ 11നാണ് ഡാറ്റയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് സൂചിപ്പിക്കുന്ന രേഖ കമ്പനി സര്‍ക്കാരിന് അയയ്ക്കുന്നത്. നേരത്തെ ഒപ്പു വച്ച പര്‍ചെയ്‌സ് ഓഡറില്‍ അക്കാര്യം ഉള്‍പ്പെടുത്തിയതായി പരിശോധനയില്‍ കാണാനായില്ല. അടുത്ത ദിവസം ഏപ്രില്‍ 12ന് ഉടമസ്ഥാവകാശം കുറച്ചുകൂടെ വ്യക്തമാക്കുന്ന രണ്ടാമതൊരു രേഖകൂടി കമ്പനി അയച്ചുകൊടുത്തു. അതേസമയം വിവാദം ഉയര്‍ന്നുവന്നതിനു ശേഷമാണ് പല രേഖകളും എഴുതിയുണ്ടാക്കി കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചതെന്നും വ്യക്തമാണ്
ചുരുക്കത്തില്‍ ഡാറ്റയുമായി ബന്ധപ്പെട്ട വ്യക്തമായ കരാര്‍ രൂപപ്പെടുന്നത് ആരോപണം ഉയര്‍ന്നുവന്ന ശേഷമാണ്.
അതേസമയം ഡാറ്റ മറിച്ചുവിറ്റുവെന്ന് തെളിയിക്കുന്ന രേഖകളും ലഭ്യമല്ല. കരാര്‍ ഒപ്പുവച്ച കമ്പനി നേരത്തെ തന്നെ ഡാറ്റ മറിച്ചുവിറ്റ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്.