ഫിലിപ്പ് രാജകുമാരന് വിട; കാണാം ചിത്രങ്ങളിലൂടെ
വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ്‌സ് ചാപ്പലിലെ കുടുംബ കല്ലറയിലായിരുന്നു സംസ്‌കരിച്ചത്.
ഡ്യൂക് ഓഫ് എഡിന്‍ ബറോയായിരുന്ന ഫിലിപ്പ് രാജകുമാരന് ലോകം കണ്ണീരോടെ വിട നല്‍കി. വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ്‌സ് ചാപ്പലിലെ കുടുംബ കല്ലറയിലായിരുന്നു സംസ്‌കരിച്ചത്. ഈ മാസം 9ാം തീയതിയാണ് 99ാം വയസ്സില്‍ ഫിലിപ്പ് അന്തരിച്ചത്.
സൈനിക ഉദ്യോഗസ്ഥരുടെയും അടുത്ത ബന്ധുക്കളുടേയും അകമ്പടിയോടെയാണ് മൃതദേഹം ചാപ്പലിലേക്ക് എത്തിച്ചത്. 50 മിനിട്ട് നീണ്ടു നിന്ന ചടങ്ങില്‍ രാജകുടുംബത്തില്‍ നിന്നുള്ള 30 പേരാണ് പങ്കെടുത്തത്. സാധാരണ സൈനിക വേഷത്തിലാണ് കുടുംബാംഗങ്ങള്‍ പങ്കെടുക്കാറുള്ളതെങ്കിലും ഇത്തവണ കറുത്ത വേഷം ധരിച്ചാണ് കുടുംബാംഗങ്ങള്‍ എത്തിയത്.
മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ആദ്യം രാജകുടുംബത്തിന്റെ ഔദ്യോഗിക സൈനിക ബാന്റ് സംഘവും തൊട്ടുപുറകിലായി മേജര്‍ ജനറല്‍മാരും മറ്റ് സൈനിക മേധാവികളും അണിനിരന്നു. ശവമഞ്ചത്തിന് പുറകിലായി അണിനിരന്ന രാജകുടുംബത്തിലെ ഒന്‍പത് പേരില്‍ ചാള്‍സ് രാജകുമാരനും ആന്‍ രാജകുമാരിയുമായിരുന്നു ആദ്യ നിരയില്‍. ഇവര്‍ക്ക് പിന്നിലായി രാജകുമാരന്മാരായ എഡ്വേര്‍ഡും ആന്‍ഡ്രൂവും ശവമഞ്ചത്തിന്റെ ഇരുവശങ്ങളിലുമായി ചാള്‍സ്-ഡയാനാ ദമ്പതികളുടെ മക്കളായ വില്യമും ഹാരിയും അനുഗമിച്ചു.
ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്കല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ഡ്യൂക്കിന്റെ സംസ്‌കാര ചടങ്ങുകളെ 'ഫോര്‍ത്ത് ബ്രിഡ്ജ്' എന്നാണ് അഭിസംബോധന ചെയ്യുന്നത്. വിലാപയാത്രയും കൊവിഡിനെത്തുടര്‍ന്ന് ഉണ്ടായില്ല.കറുത്ത വേഷത്തില്‍ എത്തിയ എലിസബത്ത് രാജ്ഞി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റയ്ക്ക് ഇരുന്നാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ്‌സ് ചാപ്പലില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം മൗനമാചരിച്ചു. കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെയും വിന്‍സര്‍ 'ഡീന്‍' ഡേവിഡ് കോണറുടെയും കാര്‍മികത്വത്തില്‍ പ്രാര്‍ഥനകളോടെ ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായി.
കുടുംബ കല്ലറയിലേക്കു ഫിലിപ്പിന്റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടി താഴ്ത്തിയതിനു പിന്നാലെ രാജ്ഞി ചാപ്പലില്‍നിന്നു പുറത്തിറങ്ങി. പിന്നാലെ മറ്റു രാജകുടുംബാംഗങ്ങളും മടങ്ങി.