തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 28ന് തുടങ്ങേണ്ടിയിരുന്നഹയര്‍ സെക്കന്ററി പ്രായോഗികപരീക്ഷകള്‍ മാറ്റണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കി. ഏപ്രില്‍ 28 മുതല്‍ പ്രായോഗിക പരീക്ഷകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ചോദ്യപേപ്പര്‍ തയ്യാറാക്കി പ്രാക്ടിക്കല്‍ ചീഫുമാര്‍ക്ക് ലഭ്യമാക്കിയിരുന്നു. പ്രായോഗിക പരീക്ഷകളുടെയും തീയറി പരീക്ഷകളുടെയും സി.ഇയുടെയും സ്‌കോറുകള്‍ ചേര്‍ത്താണ് പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നത്. പ്ലസ് ടു ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഉപരിപഠന സാധ്യത കണക്കാക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രായോഗിക പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ താത്കാലികമായി മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്‌കൂള്‍ ലാബുകള്‍ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നായിരുന്നു പരാതി. സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകള്‍ നടത്താറുള്ളത്. മാര്‍ച്ചില്‍ നടക്കേണ്ടഎഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗികപരീക്ഷയും തകിടം മറിഞ്ഞത്.പിഎസ്‌സി,സിബിഎസ്ഇ,സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ മാറ്റണമെന്നായിരുന്നു ആവശ്യം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി.