കേരളത്തെ മാറ്റി മറിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിന് 90 ആണ്ട്

അങ്ങനെ നവോത്ഥാനത്തിന്റെ തിളക്കമായി 1947നു ജൂണ്‍ രണ്ടിനു ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നുവച്ചു

Update: 2021-10-31 07:00 GMT

 കേരളത്തിന്റെ ചരിത്രത്തെ മാനവികതയുടെയും സ്ഥിതി സമത്വത്തിന്റെയും വഴിയിലേക്ക് തിരിഞ്ഞു സഞ്ചരിക്കാന്‍ പ്രാപ്തമാക്കിയ ചരിത്ര സംഭവത്തിന് തൊണ്ണൂറാണ്ട് തികയുകയാണ്. ജനിച്ചുപോയ കുലത്തിന്റെ പേരില്‍ ദൈവാലയങ്ങള്‍ നിന്ന് തീണ്ടാപാടകലേക്ക് മാറ്റി നിര്‍ത്തിയ ആയിരങ്ങളില്‍ ആത്മ വിശ്വാസത്തിന്റെ ഈര്‍ജ്ജമായി നടന്ന ഗുരുവായൂര്‍ സത്യഗ്രഹം കേരളത്തിന്റെ സാംസ്‌കാരിക പുരോഗമനത്തിലേക്കുള്ള നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ടു ഗുരുവായൂരില്‍ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിന് നാളെ 90 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1931 നവംബര്‍ ഒന്നിന് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, കിഴക്ക്, തെക്ക് നടകളിലായാണ് ക്ഷേത്രപ്രവേശനത്തിനായുള്ള സത്യഗ്രഹം തുടങ്ങിയത്. മൂന്നു പേരെയാണ് ആദ്യഘട്ട സമരത്തിനായി ഗാന്ധിജി നേരിട്ടു ചുമതലപ്പെടുത്തിയിരുന്നത്. ക്ഷേത്ര പ്രവേശന സത്യഗ്രഹ കമ്മിറ്റി ചെയര്‍മാനായ മന്നത്തു പത്മനാഭന്‍, കെ കേളപ്പന്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നിവരായിരുന്നു അവര്‍. സംഭവമറിഞ്ഞതോടെ ഗുരുവായൂരിലേക്ക് ജാഥകളായി ജനം ഒഴുകിയെത്തി. പിന്നാക്കക്കാര്‍ക്കു പ്രവേശനമില്ലാത്ത ഗുരുവായൂര്‍ ക്ഷേത്രനടയില്‍നിന്നു സമരം തുടങ്ങിയതോടെഅത് കേരളത്തിന്റെ പൊതു വികാരമായിമാറുകയായിരുന്നു. രാജ്യം മുഴുവന്‍ ഈ ചെറിയ ഗ്രാമത്തില്‍നിന്നുള്ള സമരവാര്‍ത്തകള്‍ പടര്‍ന്നു. ഗാന്ധി സമരത്തെക്കുറിച്ച് അന്വേഷിക്കാനായി അദ്ദേഹം കസ്തൂര്‍ബ ഗാന്ധിയെ ചുമതലപ്പെടുത്തി. ക്ഷേത്ര കവാടം എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പാര്‍ട്ടിക്ക് ഉള്ളില്‍ പോലും കടുത്ത വിമര്‍ശനത്തിനും വിവാദത്തിനും വഴിവച്ച സമയമായിരുന്നു അത്.


സമരത്തെ പൊളിക്കാനും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് അവര്‍ണര്‍ പ്രവേശികത്കുന്നത് തടയാനും കൂട്ടുനിന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുമുണ്ടായിരുന്നു എന്നതാണ് വലിയ പ്രതിസന്ധി തീര്‍ത്തത്. 1931 മേയ് 21നു വടകര കോണ്‍ഗ്രസ് സമ്മേളനത്തില്‍ കെ കേളപ്പനാണ് ഇത്തരമൊരു സമരം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സവര്‍ണര്‍ കോണ്‍ഗ്രസില്‍ നിന്ന അകലുമെന്ന് കരുതി പലരും അതിനെ എതിര്‍ത്തു. തുടര്‍ന്നാണു ഗാന്ധിജിയുടെ അടുത്തു വിഷയം അവതരിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. രാജ്യത്തു പലയിടത്തും നടക്കുന്ന ഇത്തരം സമരങ്ങളിലേക്കു കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇറങ്ങാന്‍ തീരുമാനിച്ചതും കേളപ്പന്റെ പ്രസംഗത്തിനും ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷമാണെന്നാണ് ചരിത്രം.


എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കളുമായി കെ കേളപ്പന്‍ കൂടിക്കാഴ്ച നടത്തി.സമരത്തിനു മുന്നോടിയായി വിപുലമായ ഒരുക്കം നടത്തി. നായര്‍ സമുദായ പരിഷ്‌കരണത്തിന്റെ മുന്‍പന്തിയിലുള്ള മന്നത്തു പത്മനാഭന്‍ അങ്ങനെയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ നേതൃത്വത്തിലെത്തിയത്. എസ്എന്‍ഡിപിയുടെ എല്ലാ ഘടകങ്ങളിലേക്കും സമര സന്ദേശമെത്തി. മന്നവും കേളപ്പനും കേരളത്തിലുടനീളം യാത്ര ചെയ്തു സമുദായ നേതാക്കളും വിപ്ലവകാരികളുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഇത്രയും വിപുലമായ ഒരു കാംപയില്‍ മറ്റു സമരങ്ങള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. എ കെ ഗോപാലനെ സമരത്തിന്റെ വൊളന്റിയര്‍ ക്യാപ്റ്റനായി നിയമിച്ചു. കോണ്‍ഗ്രസിനൊപ്പം നിന്ന് പുരഗമന ചിന്താഗതിക്കാരും പരിഷ്‌കരണവാദികളും കേരളത്തെ ജാതി അയിത്തത്തില്‍ നിന്ന വിമോചിപ്പാക്കാന്‍ നടത്തിയ ശ്രമം ഒടുവില്‍ വിജയിച്ചു.


മലബാറില്‍നിന്നു സുബ്രഹ്മണ്യന്‍ തിരുമുമ്പും എകെജിയും നയിക്കുന്ന ജാഥ സമരത്തിന് മുന്നോടിയായി തുടങ്ങിയിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായ സുബ്രഹ്മണ്യ തിരുമുമ്പും സോഷ്യലിസ്റ്റ് വിപ്ലവകാരിയായ എകെജിയും ഒരേ ലക്ഷ്യത്തിലേക്ക് കേരളത്തെ ഒരുമിച്ച നടത്തിയ പുത്തനാശയത്തിന്റെ കഥയാണ് സത്യാഗ്രഹകാലം പറഞ്ഞു തരുന്നത്.അങ്ങനെ സമരം മുമ്പില്ലാത്തവിധം ആവേശത്തോടെ നടക്കുകയാണ്. 1933 ഡിസംബര്‍ 21നു ദീപാരാധന കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിനകത്തു മണ്ഡപത്തില്‍ കയറിപി കൃഷ്ണപിള്ള നിലയ്ക്കാത്ത മണിയടിച്ചു. അതുവരെ മുഴങ്ങാത്ത ഉച്ചത്തില്‍ ആ ശബ്ദം നാടിന്റെ നാനാഭാഗത്തുമെത്തി. ഈ കൃഷ്ണപിള്ളയാണ് പിന്നീടുവലിയ കമ്യൂണിസ്റ്റ് നേതാവായി മാറിയത്. സവര്‍ണ ജാതിക്കാര്‍ ഡിസംബര്‍ 28ന് എകെജിയെ ക്ഷേത്ര നടയിലിട്ടു ക്രൂരമായി മര്‍ദിക്കുകയും മുള്ളുവേലികള്‍ക്കിടയിലിട്ട് വലിച്ചിഴക്കുകയും ചെയ്തു. അദ്ദേഹം അബോധാവസ്ഥയിലായി. ആറുമാസത്തെ ജയില്‍വാസം കഴിഞ്ഞു എകെജി ജൂണില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. സത്യഗ്രഹപ്പന്തലിനടുത്ത് ചെറിയ സ്‌ഫോടനമുണ്ടായതോടെ സമരം കൂടുതല്‍ ആവേശത്തോടെ നടത്താന്‍ തീരുമാനിക്കപ്പെട്ടു. പിന്നീട് എകെജിയുടെ നേതൃത്വത്തില്‍ തന്നെ തിരുവിതാംകൂറിലേക്കൊരു ജാഥ നടത്തകി. മന്നത്തു പത്മനാഭനായിരുന്ു അതിന് വേണ്ട ഒത്താശകളൊക്കെ ചെയ്ത് കടുത്തത്. മന്നത്തിന് നേരത്തെ വൈക്കം സത്യഗ്രഹം നടത്തി പരിചയമുണ്ട്താനും. മലബാറിലും ഇതേകാലയളവിവല്‍ വിവിധ യാത്രകള്‍ നടന്നു. കെ മാധവന്‍ നായര്‍ക്കൊപ്പം നടത്തിയ യാത്രയില്‍ വി ടി ഭട്ടതിരിപ്പാടിന്റെ ഇല്ലമായിരുന്നു സമരക്കാര്‍ക്ക് താമസിക്കാനായി തുറന്നു കൊടുത്തത്്. ജാതിമത ഭേദമെന്യേ തുറന്നിട്ട വീടിനെക്കുറിച്ച് മന്നം തന്റെ രചനയില്‍ അനുസ്മരിക്കുന്നുണ്ട്. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ യഥാര്‍ഥത്തില്‍ ഊര്‍ജ്ജം പകര്‍ന്നത് വൈക്കം സത്യഗ്രഹമായിരുന്നു. തിരുവിതാകൂറിന്റെ ചരിത്രം തിരുത്തിയ ആ സത്യഗ്രഹം മലബാറിലുണ്ടാക്കിയ അനുരണനം ചെറുതല്ല. ശ്രീനാരായണ ഗുരു നേരിട്ടു പങ്കെടുത്ത വൈക്കത്ത് സത്യഗ്രഹത്തിന്റെ വിജയം തെക്കന്‍ കേരളത്തെ പുരോഗതിയിലേക്ക് നയിച്ച ഒരു സംഭവമാണ്.


ഡിസംബര്‍ മൂന്നിനു കേരളത്തിലെത്തിയ കസ്തൂര്‍ബ ഗാന്ധിയും രാജഗോപാലാചാരിയും സമരത്തിന് ആവേശം പകര്‍ന്ന കേരളത്തില്‍ സഞ്ചരിച്ചു. ഡിസംബര്‍ 5നു കസ്തൂര്‍ബ ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തിയത് വലിയ ആവേശമായി സമരഭടന്മാര്‍ ഏറ്റെടുത്തു. ആ സമയത്ത് ഗാന്ധിജി യര്‍വാദ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. ഇതേയവസരത്തില്‍ തന്നെ ഹിന്ദു സമുദായത്തിലെ ജാതി വേര്‍തിരിവിനെതിരെ ഗാന്ധിജി ജയിലില്‍ നിരാഹാരം തുടങ്ങി. ഗുരുവായൂരില്‍ കെ കേളപ്പനും നിരാഹാരം പ്രഖ്യാപിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റു, ജി ഡി ബിര്‍ല, ഡോ.അംബേദ്കര്‍, മദന്‍ മോഹന്‍ മാളവ്യ,സി രാജഗോപാലാചാരി തുടങ്ങിയവരെല്ലാം കേളപ്പനെ ബന്ധപ്പെട്ട് പിന്തുണ വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് ബ്രിട്ടീഷ് സാമന്ത സര്‍ക്കാര്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ നിരോധിച്ചു. നേതാക്കളെ അറസ്റ്റു ചെയ്യുമെന്നായതോടെ ഗുരുവായൂര്‍ സത്യഗ്രഹ സമരസമിതി അഴിച്ചുപണിതു. മന്നത്തു പത്മനാഭന്‍ത്തന്നെ വീണ്ടും അധ്യക്ഷനാക്കി. സവര്‍ണ സമുദായക്കാര്‍ ക്ഷേത്രത്തിനകത്തു കയറി സത്യഗ്രഹം തുടങ്ങി. സമരം പുതിയ ദിശയിലേക്ക് പ്രവേശിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട്‌പോകുമെന്ന് ജാതിമേലാളന്മാര്‍ക്ക് മനസ്സിലായി തുടങ്ങി. ഒടുവില്‍ സാമൂതിരി രാജ സമരക്കാരുടെ മുന്നില്‍ മുട്ടുമടക്കി. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കാമെന്ന് അദ്ദേഹം വാക്ക് നല്‍കി. തുടര്‍ന്ന് നിരാഹാര സമരത്തില്‍നിന്നു പിന്മാറാന്‍ കേളപ്പന്‍ തയ്യാറായി. ഗാന്ധിജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മൂന്നു മാസത്തിനകം ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നില്ലെങ്കില്‍ താന്‍ ഗുരുവായൂരിലെത്തി നിരാഹാരം തുടങ്ങുമെന്നു ഗാന്ധിജി പ്രഖ്യാപിച്ചതോടെ അണികള്‍ സത്യഗ്രഹം അവസാനിപ്പിച്ച്ു.

ക്ഷേത്രം എല്ലാജാതികള്‍ക്കുമായി തുറന്നുകൊടുക്കണോ എന്നു ജനകീയ വോട്ടെടുപ്പു നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ക്ഷേത്രം ഉള്‍പ്പെട്ട പൊന്നാനി താലൂക്കില്‍ ഹിത പരിശോധന നടത്താനായിരുന്നു തീരുമാനം. 8461 വീടുകളില്‍പോയി വോട്ടു ചെയ്യിച്ചു. 77% പേര്‍ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കണമെന്നാവശ്യപ്പെട്ടു. ഇതില്‍ നല്ലൊരു ശതമാനവും സവര്‍ണ വിഭാഗ വോട്ടുകളായിരുന്നു.


 



മദ്രാസ് സംസ്ഥാന മലബാര്‍ ക്ഷേത്ര പ്രവേശന ബില്‍ സഭയില്‍ പാസാക്കപ്പെടുകയും ചെയ്തു. അങ്ങനെ ചരിത്രത്തിന്റെ വഴികളില്‍ നവോത്ഥാനത്തിന്റെ തിളക്കമായി 1947നു ജൂണ്‍ രണ്ടിനു ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നുവച്ചു. 16 വര്‍ഷം നീണ്ട സമരപോരാട്ടങ്ങളുടെ പരിണതിയായിരുന്ന അയിത്ത ജാതിക്കാരെന്നു പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ കയറാനുള്ള അവസരം. നവതിയിലേക്ക് പ്രവേശക്കുന്ന ആസംഭവങ്ങളുടെ ഓര്‍മ്മകളോടൊപ്പം പുതിയ കാലത്തെ ജാതി വെറികള്‍ക്കെതിരേ നിലപാടെടുക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് കാലം ആഗ്രഹിക്കുന്നുണ്ട്.

Tags:    

Similar News