വി കുഞ്ഞിക്കൃഷ്ണന് പിന്നാലെ പൊതുജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി നിരവധി പാർട്ടി പ്രവർത്തകർ
പയ്യന്നൂർ ഏരിയക്ക് കീഴിലുള്ള കരിവെള്ളൂർ, പെരളം, വെള്ളൂർ, രാമന്തളി, കോറോം മേഖലകളിലെ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച കലുങ്കുഷിതമായ ചർച്ചകൾ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്.
കണ്ണൂർ: പാർട്ടി ഫണ്ട് വിവാദം കണ്ണൂരിലെ സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി പയ്യന്നൂരിലെ പ്രാദേശിക നേതാക്കളും പ്രവർത്തകരും. പയ്യന്നൂർ ഏരിയയിലെ നിരവധി പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും മുൻ ഏരിയാ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണന്റെ പാത പിന്തുടർന്ന് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം.
പയ്യന്നൂർ ഏരിയക്ക് കീഴിലുള്ള കരിവെള്ളൂർ, പെരളം, വെള്ളൂർ, രാമന്തളി, കോറോം മേഖലകളിലെ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച കലുങ്കുഷിതമായ ചർച്ചകൾ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്. പാർട്ടി നേതൃത്വം തെറ്റുതിരുത്താൻ തയ്യാറാകാത്തതിനാലാണ് ഈ നടപടിയെന്നാണ് വിവരം.
ധനരാജിന്റെ പേരിലുണ്ടായിരുന്ന വായ്പ ഭാര്യ ജോലിയെടുത്ത് വീട്ടട്ടെ എന്നായിരുന്നു ടിഐ മധുസൂദനൻ ഏരിയാ സെക്രട്ടറിയായിരുന്നപ്പോൾ എടുത്ത നിലപാട്. ഇത് ചൂണ്ടിക്കാട്ടി പല പ്രവർത്തകരും പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചകൾക്ക് വിധേയമാക്കിയതോടെ പാർട്ടി തന്നെ കടംവീട്ടുമെന്ന തീരുമാനവുമായി ഇന്ന് രംഗത്തുവന്നിട്ടുണ്ട്. പാർട്ടി അണികളിൽ നിന്ന് ഉയർന്നേക്കാവുന്ന രോഷം അണപൊട്ടി ഒഴുകാതിരിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനത്തിൽ നിന്ന് പാർട്ടി പിൻവാങ്ങിയത്.
വി കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാൻ പാർട്ടി പി ജയരാജനെ ചുമതലപ്പെടുത്തിയെങ്കിലും ആ നീക്കവും പാളിയിരുന്നു. മധ്യസ്ഥ ചർച്ചയ്ക്ക് പിന്നാലെ ഇനി പാർട്ടിയുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്ന് വി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇത് പാർട്ടി നേതൃത്വത്തിനെതിരേ അണികളിൽ പ്രതിഷേധം വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. മൂന്നിലധികം തവണയായി പാർട്ടി ഫണ്ട് അപഹരിക്കപ്പെട്ടില്ലെന്ന സിപിഎം ജില്ലാകമ്മിറ്റിയുടെ പ്രസ്താവന അണികളിലെ രോഷത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്. ഫണ്ടില്‍ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണന്‍.
തിരിമറിയില്‍ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതല്‍ ശക്തമായ നടപടി മധുസൂദനനെതിരേ വേണമെന്നും കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെടുന്നു. അഖിലേന്ത്യാ തലത്തിൽ തന്നെ ഏറ്റവും കൂടുതൽ കേഡർ അടിത്തറയുള്ള ഏരിയ കമ്മിറ്റി കൂടിയാണ് പയ്യന്നൂർ. കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടി പയ്യന്നൂരിലെ പാർട്ടിയെ പിളർപ്പിലേക്കെത്തിക്കുമെന്ന നിരീക്ഷണവും ശക്തമാണ്.