ദലിത്-ആദിവാസി വിഭാഗങ്ങള്‍ കിഫ്ബിയിലും പുറത്ത്; നടപ്പിലാക്കിയത് നാമമാത്ര പദ്ധതികള്‍
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി വിവിധ പ്രവര്‍ത്തികള്‍ക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവിടുമ്പോഴാണ് ആദിവാസി-ദലിത് വിഭാഗങ്ങള്‍ ഈ അടിസ്ഥാന സൗകര്യ വികസനത്തിന് പുറത്താകുന്നതെന്നത് ശ്രദ്ധേയമാണ്.
കോഴിക്കോട്: ദലിത്-ആദിവാസി വിഭാഗങ്ങള്‍ അനുഭവിക്കുന്ന കാലങ്ങളായുള്ള വിവേചനം കിഫ്ബിയിലും തുടരുന്നുവെന്ന് നിയമസഭാ രേഖ. 11 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവരെ കിഫ്ബി വഴി ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
എംഎല്‍എമാരായ കെ കെ രമ, എ പി അനില്‍കുമാര്‍, സജീവ് ജോസഫ്, ഡോ. മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ചോദിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് കിഫ്ബി വഴി ഫണ്ട് അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളെ കുറിച്ചുള്ള വിവരം നല്‍കിയത്.
കിഫ്ബി മുഖേന നടപ്പിലാക്കി വരുന്ന വിവിധ ഹോസ്റ്റല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി വഴി തുക അനുവദിച്ചിരിക്കുന്നത്.
1. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, കൊഴിഞ്ഞാമ്പാറ, പാലക്കാട്.
2. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ആലുവ, എറണാകുളം.
3. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, താണ, കണ്ണൂര്‍
4. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പെരിങ്ങോം, കണ്ണൂര്‍.
5. ഹയര്‍സെക്കന്ററി ഹോസ്റ്റല്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വെള്ളച്ചാല്‍, കാസര്‍കോട്.
6. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, തോന്നയ്ക്കല്‍, തിരുവനന്തപുരം.
7. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, അഴീക്കോട്, കണ്ണൂര്‍.
8. വെട്ടിക്കവല, ആറ്റിപ്ര ഐടിഐ കെട്ടിടങ്ങള്‍.
9. പൊന്നാനി ഐടിഐ
10. എംആര്‍എസ് ഹോസ്റ്റല്‍, കുറ്റിച്ചല്‍, തിരുവനന്തപുരം.
11. എംആര്‍എസ് ഹോസ്റ്റല്‍, ആറളം, കണ്ണൂര്‍
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി വിവിധ പ്രവര്‍ത്തികള്‍ക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവിടുമ്പോഴാണ് ആദിവാസി-ദലിത് വിഭാഗങ്ങള്‍ ഈ അടിസ്ഥാന സൗകര്യ വികസനത്തിന് പുറത്താകുന്നതെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം 2828.74 കോടി രൂപയുടെ 32 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കാന്‍ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ സ്ഥലമേറ്റെടുക്കലുള്‍പ്പെടെ 2798.97 കോടി രൂപയുടെ 31 പദ്ധതികള്‍ക്കും കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ 29.77 കോടി രൂപയുടെ പദ്ധതിക്കും അനുമതി നല്‍കാനുമാണ് കിഫ്ബി തീരുമാനിച്ചത്.
ഇതുവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിച്ച 11 പദ്ധതികളില്‍ 4 പദ്ധതികളുടെ പ്രവര്‍ത്തി ഇതുവരേയും ആരംഭിച്ചിട്ടില്ല. ഇത് തന്നെ ഈ വിഭാഗങ്ങളോടുള്ള നഗ്നമായ വിവേചനമാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.