വിദ്വേഷ പ്രചാരണം പ്രോൽസാഹിപ്പിക്കുന്നു; ഫേസ്ബുക്കിനെതിരേ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ
തങ്ങളുടെ അൽഗോരിതം അക്രമമാണ് പ്രോൽസാഹിപ്പിക്കുന്നതെന്ന് ഫേസ്ബുക്കിന് നന്നായി അറിയാം. എന്നാൽ എൻഗേജ്മെന്റ്സ് മാത്രമാണ് ഫേസ്ബുക്ക് പ്രോൽസാഹിപ്പിക്കുന്നതെന്നും സിക്സ്റ്റി മിനുട്ട്സുമായി നടത്തിയ അഭിമുഖത്തിൽ ഹെയ്ഗൻ വ്യക്തമാക്കി.
ന്യൂഡൽഹി: ഏഴ് മണിക്കൂറോളം ഫേസ്ബുക്ക് നിശ്ചലമാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുതൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ കത്തിക്കയറിയിരുന്നത് ഫേസ്ബുക്കിന്റെ തന്നെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകളാണ്. ഫേസ്ബുക്ക് എന്ന ഭീമൻ കമ്പനിക്കുള്ളിൽ നടക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തുകയാണ് ഹെയ്ഗൻ. അകൗണ്ടുകളുടെ സുരക്ഷയല്ല, പണം മാത്രമാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് വാളുകളിൽ നിറയുന്ന പരസ്യങ്ങളെ മുൻനിർത്തി അവർ പറയുന്നു.
വിസിൽ ബ്ലോവർ എയ്ഡിന്റെ സഹായത്തോടെയാണ് ഹെയ്ഗന്റെ വെളിപ്പെടുത്തൽ. സുപ്രധാന വിവരങ്ങൾ പുറത്തുവിടുന്നവരെ സംരക്ഷിക്കുന്ന ലോകോത്തര സംഘടനയാണ് വിസിൽ ബ്ലോവർ എയ്ഡ്. രണ്ട് വര്‍ഷക്കാലം ഫേസ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാൻസിസ് ഹെയ്ഗന്റെ സ്ഥാപനത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ഏഴ് മണിക്കൂറോളം ഫേസ്ബുക്കും സഹോദര പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും നിശ്ചലമായത്. ഫേസ്ബുക്കിലെ പ്രൊഡക്ട് മാനേജർ ആയിരുന്നു ഹെയ്ഗൻ.
പല സാമൂഹിക മാധ്യമ സൈറ്റുകളും താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ സുരക്ഷയല്ല, അതിനുമുകളിൽ ലാഭം ഉണ്ടാക്കലാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്നും ഹെയ്ഗൻ വെളിപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാം കൗമാരക്കാരെ വിപരീദമായി ബാധിക്കുന്നുവെന്ന റിപോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ഹെയ്ഗൻ രംഗത്തെത്തുന്നത്.
തങ്ങളുടെ അൽഗോരിതം അക്രമമാണ് പ്രോൽസാഹിപ്പിക്കുന്നതെന്ന് ഫേസ്ബുക്കിന് നന്നായി അറിയാം. എന്നാൽ എൻഗേജ്മെന്റ്സ് മാത്രമാണ് ഫേസ്ബുക്ക് പ്രോൽസാഹിപ്പിക്കുന്നതെന്നും സിക്സ്റ്റി മിനുട്ട്സുമായി നടത്തിയ അഭിമുഖത്തിൽ ഹെയ്ഗൻ വ്യക്തമാക്കി. ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നും കാണിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ ഹെയ്ഗൻ പരാതി നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനോട് തനിക്ക് സഹതാപമുണ്ടെന്ന് ഹൗഗൻ പറഞ്ഞു. മാർക്ക് ഒരിക്കലും വിദ്വേഷകരമായ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാൻ തയ്യാറായിട്ടില്ല. പക്ഷേ, വിദ്വേഷവും ധ്രുവീകരിക്കപ്പെടുന്നതുമായ ഉള്ളടക്കങ്ങൾക്ക് കൂടുതൽ റീച്ച് ലഭിക്കും. അത്തരത്തിലുള്ള തിരഞ്ഞെടുപ്പുകൾ അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും ഹെയ്ഗൻ കൂട്ടിച്ചേർത്തു. വ്യാജവാര്‍ത്തകളും വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ആളുകളിലേക്ക് തുടർച്ചയായി എത്തുന്നു. അത് അവരില്‍ വിദ്വേഷം വളർത്തുന്നുവെന്നും പറഞ്ഞ ഹെയ്ഗൻ 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
മ്യാൻമാറിൽ ആൾക്കൂട്ട കൊലപാതകങ്ങൾ ആസൂത്രണം ചെയ്തവരും ജനുവരി 6-ന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിന് നേരെ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തവരും ഫേസ്ബുക്ക് ഉപയോഗിച്ചാണ് ആക്രമണങ്ങൾക്ക് കളമൊരുക്കിയത്. ഫേസ്ബുക്കിനെ കുറിച്ച് ഇത്തരം വെളിപ്പെടുത്തലുകളുമായി ഹെയ്ഗനെത്തിയതിന് പിന്നാലെ ഏഴ് മണിക്കൂർ ഫേസ്ബുക്ക് അപ്രത്യക്ഷമായതെന്ന കാര്യം ശ്രദ്ധേയമാണ്.