കശ്മീരില്‍ ഗുജ്ജാറുകള്‍ക്ക് അഭിമാനം; സിവില്‍ സര്‍വീസ് നേട്ടത്തോടെ ഡോ. രെഹാന ബഷീര്‍
ഭരണകൂടത്തിന്റെ അവഗണനക്കിടയിലും വേട്ടയാടലുകള്‍ക്കിടയിലും രെഹാനയുടെ സിവില്‍ സര്‍വീസ് നേട്ടത്തിന് തിളക്കം ഏറെയാണ്.
ശ്രീനഗര്‍: കശ്മീരില്‍ ഗുജ്ജാര്‍ വിഭാഗത്തിന് അഭിമാനമായിരിക്കുകയാണ് ഡോ. രെഹാന ബഷീര്‍. 187ാം റാങ്ക് നേടി സിവില്‍ സര്‍വീസ് വിജയിച്ചതിലൂടെ നാടോടി ജനവിഭാഗമായ ഗുജ്ജാറുകളുടെ ആത്മാഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് പൂഞ്ച് ജില്ലയിലെ സാല്‍വയില്‍ നിന്നുള്ള ഈ യുവതി. ഗുജ്ജാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വനിതയും രെഹാന തന്നെ.
ഭരണകൂടത്തിന്റെ അവഗണനക്കിടയിലും വേട്ടയാടലുകള്‍ക്കിടയിലും രെഹാനയുടെ സിവില്‍ സര്‍വീസ് നേട്ടത്തിന് തിളക്കം ഏറെയാണ്. നാടിന്റേയും സമൂഹത്തിന്റേയും അതിജീവനത്തിന്റെ പ്രതീകമായാണ് ഈ മിടുക്കി തന്റെ രണ്ടാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് നേട്ടം കരസ്ഥമാക്കിയത്. വെള്ളിയാഴ്ച യുപിഎസ്‌സി പുറത്തുവിട്ട സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തിന്റെ അലയൊലികള്‍ ഇതുവരെയും സല്‍വാ ഗ്രാമത്തില്‍ അവസാനിച്ചിട്ടില്ല.
ഡോക്ടര്‍ ആവണമെന്നായിരുന്നു രെഹാനയുടെ ആഗ്രഹം. തുടര്‍ന്ന് 2016ല്‍ കശ്മീരിലെ സൗറയിലുള്ള ഷെര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എംബിബിഎസിലൂടെ രെഹാന ഈ നേട്ടം സ്വന്തമാക്കി. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെ മെഡിക്കല്‍ ആരോഗ്യ രംഗത്ത് നിരവധി കള്ളക്കളികള്‍ക്ക് രെഹാന സാക്ഷിയായി. ഇതോടെ, ഇത്തരം കാര്യങ്ങള്‍ ഇല്ലാതാക്കാനായി ഭരണനിര്‍വഹണ രംഗത്ത് എത്തിപ്പെടണമെന്ന് അവള്‍ നിശ്ചയിക്കുകയായിരുന്നു. ഇത് സിവില്‍ സര്‍വീസിനായി പ്രയത്‌നിക്കാന്‍ രെഹാനയെ പ്രാപ്തയാക്കി. 2016ലും 2017ലും സിവില്‍ സര്‍വീസ് നേടിയ അനുജന്‍ ആമിര്‍ ബഷീറായിരുന്നു രെഹാനയുടെ പ്രചോദനം. ഇന്ത്യന്‍ റെവന്യൂ സര്‍വീസിലാണ് ആമിര്‍ ഇപ്പോള്‍. ജമ്മു പ്രദേശത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ഏഴുപേരില്‍ ഒരാളാണ് രെഹാന.
ഗുജ്ജാര്‍ സമൂഹത്തിന്റെ അതീജീവനത്തെയാണ് രെഹാനയുടെ വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് ഗുജ്ജാര്‍ ദേശ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തലവന്‍ ജാവേദ് റാഹി പറയുന്നു. ഓരോ വര്‍ഷവും ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നും രണ്ടോ മൂന്നോ പേര്‍ സിവില്‍ സര്‍വീസ് നേടാറുണ്ടെന്നും റാഹി ചൂണ്ടിക്കാട്ടി.
കശ്മീരികള്‍ക്കും ദോഗ്രകള്‍ക്കും ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഗോത്രവംശമാണ് ഗുജ്ജാറുകള്‍.