പയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി കുഞ്ഞിക്കൃഷ്ണൻ ഇപ്പോഴും മൗനത്തിൽ; വിവാദം വിഭാഗീയതയുടെ പ്രതിഫലനം?
ധനരാജിന്റെ ലോൺ അടക്കാതെ 42 ലക്ഷം രൂപ ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ടിലേക്ക് വകമാറ്റിയെന്നും ലോൺ അടക്കാൻ അന്ന് ഏരിയാ കമ്മിറ്റി തീരുമാനിച്ചില്ലെന്നുമാണ് ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും റിപോർട്ട് ചെയ്യുന്നത്. 2016 ആഗസ്ത് മാസമാണ് ഫണ്ട് പിരിക്കാൻ പാർട്ടി ഏരിയാ കമ്മിറ്റി തീരുമാനിക്കുന്നത്. പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിൽ ഹൂണ്ടിക പിരിവും ഏരിയയിലെ സഹകരണ ജീവനക്കാർ ഒരു മാസത്തെ വേതനവും രക്തസാക്ഷി ഫണ്ടിലേക്ക് നൽകിയിരുന്നു. വിദേശത്ത് നിന്ന് അടക്കം പിരിച്ച രക്തസാക്ഷി ഫണ്ട് 98 ലക്ഷം രൂപയാണെന്ന് പാർട്ടി റിപോർട്ടിൽ വ്യക്തമാക്കുന്നു.
കണ്ണൂർ: പയ്യന്നൂരിൽ നയാ പൈസയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവർത്തിച്ച് പറയുമ്പോഴും ഇത് പരാതിയായി ജില്ലാ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ച വി കുഞ്ഞിക്കൃഷ്ണൻ മൗനം പാലിക്കുന്നതിലൂടെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്ന ആരോപണവിധേയരുടെ വാദങ്ങൾക്ക് ശക്തി ലഭിക്കുകയാണ്. പയ്യന്നൂരിൽ ഫണ്ട് കൈകാര്യം ചെയ്തത് ഏരിയാ കമ്മിറ്റിയാണ്. പയ്യന്നൂരിൽ മധുസൂദനനല്ല ഒരാളും തട്ടിപ്പ് നടത്തിയിട്ടില്ല. ആദ്യം മുതലെ പാർട്ടി ഏരിയ കമ്മിറ്റിയാണ് പണം കൈകാര്യം ചെയ്തതെന്നാണ് എം വി ജയരാജൻ ഇന്ന് വ്യക്തമാക്കിയത്.
42 ലക്ഷം പിൻവലിച്ചെന്നത് പച്ചക്കളളമാണ്. വി കുഞ്ഞികൃഷ്ണനെതിരേ പാർട്ടി നടപടിയെടുത്തിട്ടില്ല. നിങ്ങൾ വാദിക്കുന്നത് കുഞ്ഞികൃഷ്ണൻ്റെ വക്കാലത്താണോ അല്ലെങ്കിൽ അദ്ദേഹത്തെ നശിപ്പിക്കാനാണോയെന്നും ജയരാജൻ മാധ്യമ പ്രവർത്തകരോട് ചോദിച്ചു. കുഞ്ഞികൃഷ്ണൻ പാർട്ടി നടപടിക്ക് വിധേയനായ ഒരാളല്ല അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഓരോരുത്തർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്കകത്തെ ചർച്ച മാത്രമേ അദ്ദേഹവുമായി നടത്തിയിട്ടുള്ളു ബാഹ്യമായ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ജയരാജൻ പറയുന്നു.
തനിക്കെതിരേ പാർട്ടി നടപടി എടുത്തിട്ടില്ലെന്ന് വി കുഞ്ഞിക്കൃഷ്ണൻ ഇന്ന് തേജസ് ന്യൂസിനോട് പ്രതികരിച്ചു. പാർട്ടിയിലെ മാനസിക ഐക്യമില്ലായ്മയാണ് തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന എം വി ജയരാജൻ പറഞ്ഞത് വാർത്ത നൽകിക്കോളൂവെന്നും തനിക്ക് മറ്റൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വിഭാഗീയതയാണ് ഫണ്ട് വിവാദത്തിന് പിന്നിലെന്ന ഫണ്ട് തട്ടിപ്പിലെ ആരോപണവിധേയരുടെ വാദത്തിന് അംഗീകാരം നൽകുന്ന മൗനമാണ് വി കുഞ്ഞിക്കൃഷ്ണൻ ഇന്നും നടത്തിയിരിക്കുന്നത്.
എന്നാൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റി അംഗീകരിച്ച കണക്കിൻമേൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ലോക്കൽ കമ്മിറ്റിക്ക് പിന്നാലെ ബ്രാഞ്ചുകൾ വിളിച്ചു ചേർത്തും ഇതേ കണക്ക് പാർട്ടി നേതൃത്വം അവതരിപ്പിക്കുന്നത് തുടരുകയാണ്. ഇതുവരെ നടന്ന ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിലും നേതൃത്വത്തിനെതിരേ വിമർശനം ഉയരുന്നുണ്ട്. ഏരിയാ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിന്റേയും ധനരാജ് രക്തസാക്ഷി അനുസ്മരണ ഫണ്ടിന്റേയും കണക്കുകളാണ് ഇപ്പോൾ വിവിധ കമ്മിറ്റികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. 4 കോടി 80 ലക്ഷം രൂപയാണ് ഈ രണ്ട് ഫണ്ട് സമാഹരണത്തിലും വരവുണ്ടായതെന്നാണ് പാർട്ടി നേതൃത്വം അവതരിപ്പിച്ച കണക്കിൽ പറയുന്നത്. ഇതിൽ 12000 രൂപയൊഴിച്ച് നാല് കോടി എഴുപത്തിയൊമ്പത് ലക്ഷത്തി എൺപെത്തെട്ടായിരം രൂപ ചിലവായെന്നാണ് വിശദീകരണം.
ധനരാജിന്റെ ലോൺ അടക്കാതെ 42 ലക്ഷം രൂപ ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ടിലേക്ക് വകമാറ്റിയെന്നും ലോൺ അടക്കാൻ അന്ന് ഏരിയാ കമ്മിറ്റി തീരുമാനിച്ചില്ലെന്നുമാണ് ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും റിപോർട്ട് ചെയ്യുന്നത്. 2016 ആഗസ്ത് മാസമാണ് ഫണ്ട് പിരിക്കാൻ പാർട്ടി ഏരിയാ കമ്മിറ്റി തീരുമാനിക്കുന്നത്. പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിൽ ഹൂണ്ടിക പിരിവും ഏരിയയിലെ സഹകരണ ജീവനക്കാർ ഒരു മാസത്തെ വേതനവും രക്തസാക്ഷി ഫണ്ടിലേക്ക് നൽകിയിരുന്നു. വിദേശത്ത് നിന്ന് അടക്കം പിരിച്ച രക്തസാക്ഷി ഫണ്ട് 98 ലക്ഷം രൂപയാണെന്ന് പാർട്ടി റിപോർട്ടിൽ വ്യക്തമാക്കുന്നു.
18 ലക്ഷം രൂപയാണ് ധനരാജിന്റെ അമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവരുടെ പേരിൽ സ്ഥിര നിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചത്. ധനരാജിന്റെ കുടുംബത്തിന് 35 ലക്ഷം രൂപയുടെ വീട് നിർമ്മിച്ച് നൽകിയെന്നും റിപോർട്ടിൽ പറയുന്നു. വീടിന് 35 ലക്ഷം ചിലവായി എന്ന് 6 വർഷത്തിന് ശേഷമാണ് പാർട്ടി ഔദ്യേഗികമായി പറയുന്നത്. ഇത്രയും തുക ആ വീടിന് ചിലവായോ എന്ന ചോദ്യം പല ലോക്കൽ കമ്മിറ്റികളിലും ഉയരുന്നുണ്ട്. ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മിച്ച ഉണ്ണികൃഷ്ണൻ ഗംഗോത്രി കൺസ്ടക്ഷൻസ് തന്നെയാണ് ഈ വീടും നിർമ്മിച്ചത്. ബാക്കി തുക വിവാദമായ ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ടിലേക്ക് വകമാറ്റുകയാണ് ടി ഐ മധുസൂദനൻ കൺവീനർ ആയ കമ്മിറ്റി ചെയ്യതതെന്നാണ് റിപോർട്ടിൽ പറയുന്നത്.
വീട് നിർമാണ സമയത്ത് തന്നെ ധനരാജിന്റേയും ഭാര്യ സജിനയുടേയും പേരിൽ പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന വായ്പയെ സംബന്ധിച്ച് ധനരാജിന്റെ കുടുബവും കുന്നരുവിലെ സഖാക്കളും പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ 6 വർഷം കഴിഞ്ഞാണ് ഈ വായ്പകൾ ഫണ്ട് വെട്ടിപ്പ് വിവാദമായതിന് പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി ഇടപെട്ട് പാർട്ടി ഏരിയാ കമ്മിറ്റിയെ കൊണ്ട് തീർപ്പാക്കിപ്പിച്ചത്. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടിയെ ഈ കണക്ക് ബോധിപ്പിച്ചപ്പോഴാണ് ജില്ലാകമ്മിറ്റി ഇക്കാര്യം അറിയുന്നതെന്നാണ് റിപോർട്ടിങ്ങിലെ പാർട്ടി വിശദീകരണം.
ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ ഇപ്പോൾ വൻ പ്രതിഷേധമാണ് നടക്കുന്നത്. വായ്പ തിരിച്ചടവിന് ബാങ്ക് സമീപിക്കുമ്പോഴെല്ലാം പയ്യന്നൂരിലെ പാർട്ടി നേതൃത്വവുമായി ധനരാജിന്റെ ഭാര്യ ബന്ധപ്പട്ടുവെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചതെന്ന വിമർശനവും നിരവധി ബ്രാഞ്ചുകളിൽ ഉയർന്നിട്ടുണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ട് ഏരിയാ കമ്മിറ്റി ഓഫിസ് ഫണ്ടിലേക്ക് കൂട്ടിക്കുഴച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ജില്ലാകമ്മിറ്റി തന്നെ ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളിൽ ഈ വാർത്ത വന്നില്ലായിരുന്നെങ്കിൽ വായ്പാ തിരിച്ചടവ് പാർട്ടി ഏറ്റെടുക്കാതെ പോയേനേയെന്നാണ് ബ്രാഞ്ച് യോഗങ്ങളിൽ ഉയരുന്ന അഭിപ്രായം. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് ബ്രാഞ്ചുകളിൽ അഭിനന്ദനവും ലഭിക്കുന്നുണ്ട്.
2015 മുതലുള്ള കണക്ക് അവതരിപ്പിക്കുന്നതിൽ ഏരിയാ കമ്മിറ്റി കാലതാമസം വരുത്തിയെന്ന് കാണിച്ചാണ് അക്കാലത്തെ ഏരിയാ സെക്രട്ടറി ആയിരുന്ന ഇപ്പോഴത്തെ എംഎൽഎ ടി ഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതെന്നാണ് ജില്ലാ കമ്മിറ്റി നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാലയളവിൽ പയ്യന്നൂർ ഏരിയയിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന വി നാരായണൻ, സി കൃഷ്ണൻ എന്നിവരും ഇതിന് ഉത്തരവാദിയാണെന്നിരിക്കേ ഇരുവർക്കുമെതിരേ പാർട്ടി നടപടിയെടുത്തില്ലെന്നത് ശ്രദ്ധേയമാണ്. ടി ഐ മധുസൂദനന്റെ അറിവോടെയാണ് ഫണ്ട് വെട്ടിപ്പ് നടന്നതെന്ന വിലയിരുത്തല്‍ ശരിവക്കുന്നതാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാടെന്ന് ഇതിലൂടെ വ്യക്തമാകുന്നു.