സർഗാത്മക രചനകളിലൂടെ വിമോചന പോരാട്ടത്തെ ആവിഷ്കരിച്ചത് മലബാറിലെ മാപ്പിളമാർ
ബ്രിട്ടിഷ് അധിനിവേശ കാലത്ത് സാംസ്കരികമായ പ്രതിരോധം അത്രമേൽ സർഗാത്മകമാക്കുന്നതിന് മറ്റൊരു സമൂഹത്തിനും കഴിയാത്ത വിധം മാപ്പിളമാർക്ക് കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട്: മലബാറില്‍ നടന്ന അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി സാംസ്‌കാരിക സമ്മേളനം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17 ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടത്തിയ മലബാര്‍ സമരവും മാപ്പിളപ്പാട്ടും എന്ന വിഷയത്തിലുള്ള സാംസ്‌കാരിക സമ്മേളനമാണ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ പ്രസക്തി വിളിച്ചോതിയത്.
ശക്തവും ചരിത്രയുക്തവുമായ നിരീക്ഷണങ്ങളാണ് എഴുത്തുകാരന്‍ പി ടി കുഞ്ഞാലി മുന്നോട്ട് വച്ചത്. സര്‍ഗാത്മക രചനകളിലൂടെ വിമോചന പോരാട്ടത്തെ ആവിഷ്കരിച്ചത് മലബാറിലെ മാപ്പിളമാര്‍ ആണെന്നും ഇന്ന് കാണുന്ന കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ നൈതികതയ്ക്ക് കാരണമാകാന്‍ ഈ നീക്കങ്ങള്‍ക്ക് കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് സാംസ്കരികമായ പ്രതിരോധം അത്രമേല്‍ സര്‍ഗാത്മകമാക്കുന്നതിന് മറ്റൊരു സമൂഹത്തിനും കഴിയാത്ത വിധം മാപ്പിളമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് നമ്മുടെ മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ തന്നെ, ബദര്‍ മാലയും മൗലൂദുകളുമാണെങ്കില്‍ പോലും മലബാറില്‍ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ട മാപ്പിളമാരുടെ ആത്മസംസ്‌കരണത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ശ്രമിച്ചത്. ചേറൂര്‍ പടപ്പാട്ടായാലും മലപ്പുറം പടപ്പാട്ടായാലും എങ്ങനെയാണ് സര്‍ഗാത്മകത കൊണ്ട് പോരാടിയിരുന്നതെന്ന് നമുക്ക് അതില്‍ നിന്ന് മനസ്സിലാകുമെന്ന് പി ടി കുഞ്ഞാലി നിരീക്ഷിച്ചു.
അറബി മലയാളം ഉപയോഗിച്ച് മാപ്പിളമാര്‍ എഴുതിയ സര്‍ഗാത്മക രചനകള്‍ അവര്‍ അവരുടെ രാജ്യത്തിന്റെ വിമോചനത്തിന് വേണ്ടിയാണ് ഉപയോഗിച്ചത്. ജിഹാദ് അല്ലെങ്കില്‍ ധര്‍മസരം എന്നത് മാപ്പിളമാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അത് 1921 ല്‍ മാത്രമല്ല, നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നുമുണ്ട്. ഏതൊരു വിഷയവും നിങ്ങള്‍ എടുത്ത് നോക്കിയാലും അത് കാണാം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയവുമായി ബന്ധപ്പെട്ട് നോക്കിയാല്‍ കാണാം, മുസ് ലിംകള്‍ക്കല്ലാതെ മറ്റൊരു സമുദായത്തിനും അത് പ്രശ്‌നമായി തോന്നുന്നില്ല. അതുപോലെ തന്നെ ലഹരി വിരുദ്ധ വിഷയം ചര്‍ച്ച ചെയ്യുമ്പോഴും മുസ് ലിംകളാണ് മുന്നില്‍ നിന്ന് ചര്‍ച്ച ചെയ്യുന്നത്. ഇതിനൊക്കെ കാരണം സ്വന്തം നാടിന് വേണ്ടി പടപൊരുതുക എന്ന മുസ് ലിം വിശ്വാസത്തില്‍ നിന്നാണ് ഇത് ഉണ്ടാകുന്നത്. ഇതേ നിലപാടില്‍ നിന്നുകൊണ്ട് തന്നെയാണ് അക്കാലത്ത് അവര്‍ മാപ്പിളപ്പാട്ടിലൂടെയും തെളിയിച്ചതെന്ന് മാപ്പിളപ്പാട്ട് കലാകാരനും ആകാശവാണിയിലെ അവതാരകനുമായ റഹ്മാന്‍ വാഴക്കാട് അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ടില്‍ ബ്രിട്ടീഷുകാരെ കടന്നാക്രമിച്ചുകൊണ്ടുള്ള ഒരു കുതിച്ചു ചാട്ടത്തിന് നേതൃത്വം കൊടുത്തത് കമ്പളത്ത് ഗോവിന്ദന്‍ നായരായിരുന്നു. വള്ളുവമ്പറത്ത് ഹിച്ച്‌കോക്കിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരേ കമ്പളത്ത് പാടിയ 'അന്നിരുപത്തൊന്നില്‍ ഇമ്മലയാളത്തില്‍....' എന്ന പാട്ടോടെയാണ് സൗമ്യ ഭാഷ വിട്ട് മാപ്പിളമാര്‍ മുന്നോട്ട് കുതിച്ചതെന്ന് മാപ്പിള പാട്ട് കലാകാരന്‍ ഫൈസല്‍ കമ്മനം ചൂണ്ടിക്കാട്ടി. സരളവും സൗമ്യവുമായാണ് മാപ്പിളപ്പാട്ട് രചനകളെല്ലാം ഉയര്‍ന്നുവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ സമരത്തെ കുറിച്ച് എസ് കെ പൊറ്റക്കാട് എഴുതിയ കവിതയുടെ ഈരടികളും ഫൈസല്‍ കമ്മനം വേദിയില്‍ പാടി.
ഈ പുതിയ കാലത്ത് 1921 ലേത് പോലെ ധീരമായ സര്‍ഗാത്മക രചനകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് മലബാര്‍ സമര ചരിത്രകാരന്‍ സി അബ്ദുല്‍ ഹമീദ് പറഞ്ഞു. സമരത്തേയും സംഗീതത്തേയും രണ്ടും രണ്ടായി തന്നെ കാണണം. ഇസ് ലാമിന്റെ കാഴ്ച്ചപ്പാടിലും അതിന്റെ ചട്ടക്കൂടില്‍ നിന്നുമുള്ള സര്‍ഗാത്മക രചനകള്‍ ഉയരണം. അതിനെ നമ്മെ പോലുള്ളവര്‍ പരിപോഷിപ്പിക്കണം. ഈ പുതിയ കാലത്ത് വിമോചനത്തിന് വേണ്ടിയുള്ള ഉപകരണമായി കലയെ പുതിയ തലമുറ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയ്ക്ക് എഴുത്തുകാരന്‍ പി ടി കുഞ്ഞാലി നേതൃത്വം നല്‍കി. ചരിത്രകാരന്‍ സി അബ്ദുല്‍ ഹമീദ്, റഹ്മാന്‍ വാഴക്കാട്, ഫൈസല്‍ കമ്മനം എന്നിവര്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി വി ഷുഹൈബ് ചര്‍ച്ച ഏകോപിപ്പിച്ചു. പി ടി കുഞ്ഞാലി, സി അബ്ദുല്‍ ഹമീദ്, റഹ്മാന്‍ വാഴക്കാട്, ഫൈസല്‍ കമ്മനം എന്നിവരെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ഇശല്‍ മലബാര്‍ ഖിസ്സ സംഘടിപ്പിച്ചു.