വലിയൊരു അഴിമതി ചൂണ്ടിക്കാട്ടിയതിന് പാർട്ടി എന്നെ ശിക്ഷിച്ചു; പയ്യന്നൂരിലെ സിപിഎമ്മിൽ കൂട്ട രാജിക്ക് സാധ്യത
വി കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ വ്യാപക വിമർശനമാണ് വെള്ളൂർ, കരിവെള്ളൂർ, പെരളം, കോറോം, രാമന്തളി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പാർട്ടിപ്രവർത്തകരിൽ നിന്നും ഉയരുന്നത്. രാമന്തളിയിലെ നിരവധി പ്രവർത്തകരും പ്രാദേശിക നേതാക്കളും കൂട്ടരാജിക്ക് ഒരുങ്ങുന്നതായ വിവരവും പുറത്തുവരുന്നുണ്ട്.
കണ്ണൂർ: പാർട്ടിക്കകത്തെ അഴിമതി ചൂണ്ടിക്കാട്ടിയതിന് നടപടി നേരിടേണ്ടി വന്ന സിപിഎം പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കിയത് പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായെന്ന് റിപോർട്ട്. വലിയൊരു അഴിമതി ചൂണ്ടിക്കാട്ടിയതിന് പാർട്ടി തന്നെ പുറത്താക്കുകയായിരുന്നെന്ന് വി കുഞ്ഞിക്കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിലെ ഫണ്ട് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് കൂട്ടനടപടി ഉണ്ടായത് ഇന്നലെയാണ്. ജില്ലാ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ അടക്കം അഞ്ച് പേർക്കെതിരേയുള്ള നടപടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ടി വി രാജേഷ്, പി വി ഗോപിനാഥ് എന്നിവരാണ് പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ റിപോർട്ട് ചെയ്തത്. ഫണ്ട് വെട്ടിപ്പിൽ ആരോപണ വിധേയർക്ക് പുറമെ നിലവിലെ പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞിക്കൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നുള്ള ജില്ലാക്കമ്മിറ്റി തീരുമാനം റിപോർട്ട് ചെയ്യപ്പെട്ടു.
എന്നാൽ വി കുഞ്ഞിക്കൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നതിനെ അഞ്ച് ഏരിയാ കമ്മിറ്റി അംഗങ്ങൾ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറായില്ല. അതേസമയം പതിനാറ് ഏരിയാ കമ്മിറ്റി അംഗങ്ങൾ പാർട്ടി മേൽക്കമ്മിറ്റി തീരുമാനത്തെ ശക്തമായി വിമർശിച്ചും, തീരുമാനത്തെ എതിർത്തും രംഗത്തുവന്നു. ഭൂരിപക്ഷ തീരുമാനം മേൽക്കമ്മിറ്റി റിപോർട്ടിങ്ങിന് എതിരായിരുന്നെങ്കിലും ഉയർന്നുവന്ന അഴിമതി ആരോപണം വിഭാഗീയതയെ തുടർന്നാണെന്ന നിഗമനമാണ് പാർട്ടി നേതൃത്വം കൈക്കൊണ്ടത്.
ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചതല്ല, പാർട്ടിയിൽ നടന്ന വലിയൊരഴിമതി ചൂണ്ടിക്കാട്ടിയതിന് പാർട്ടി എന്നെ ശിക്ഷിച്ചത് ഇപ്രകാരമാണ്, ഞാൻ ഒരിക്കലും ഒരു വ്യക്തിക്കെതിരായിരുന്നില്ല, പാർട്ടിക്കകത്തെ ക്രമക്കേടിനെതിരേയാണ് പരാതി നൽകിയതെന്ന് വി കുഞ്ഞിക്കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വി കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ വ്യാപക വിമർശനമാണ് വെള്ളൂർ, കരിവെള്ളൂർ, പെരളം, കോറോം, രാമന്തളി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പാർട്ടിപ്രവർത്തകരിൽ നിന്നും ഉയരുന്നത്. രാമന്തളിയിലെ നിരവധി പ്രവർത്തകരും പ്രാദേശിക നേതാക്കളും കൂട്ടരാജിക്ക് ഒരുങ്ങുന്നതായ വിവരവും പുറത്തുവരുന്നുണ്ട്. നടപടി റിപോർട്ട് ചെയ്യാനുള്ള പാർട്ടി ലോക്കൽ ജനറൽ ബോഡി യോഗങ്ങൾ വിവിധ ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.