മുസ്‌ലിംകളില്ലാത്ത പൗരത്വ പട്ടികയാണ് സംഘപരിവാര ലക്‌ഷ്യം
2011ലെ സെന്‍സസ് കണക്കനുസരിച്ച്, അഖിലേന്ത്യാ തലത്തില്‍, ഒരു ലക്ഷം പേരില്‍ 190 ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ മാത്രമാണ് ഉള്ളത്. ഈ കുടിയേറ്റക്കാരില്‍ 87% പേരും പശ്ചിമ ബംഗാളിലും ത്രിപുരയിലുമാണ്.
ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക ഇന്ന് ഒരു ദേശീയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഹിന്ദുത്വ ഫാഷിസം അങ്ങേയറ്റത്തെ കടന്നാക്രമണത്തിലാണെന്ന സ്ഥിതിവിശേഷം വെളിപ്പെടുത്തുന്നതാണിത്. ഈ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യ വ്യാപകമായി എന്‍ആര്‍സി ആവശ്യമാണെന്ന് വാദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേതൃത്വം നല്‍കിയിരുന്നു. എന്‍ആര്‍സി നടപ്പിലാക്കി പശ്ചിമ ബംഗാളില്‍ നിന്ന് വിദേശികളായവരെ പുറത്താക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറയുകയും ചെയ്തു.
എന്നാല്‍ അസമിലെ അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സംസ്ഥാനത്തെ ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണ്. വിദേശികളായി മുദ്രകുത്തപ്പെട്ട 19 ലക്ഷത്തിലധികം പൗരന്മാരില്‍ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ ഉള്‍പ്പെട്ടതാണ് ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തിരിക്കുന്നത്. ഇതിനെ മറിടകടക്കാന്‍ മുസ്‌ലിംകളില്ലാത്ത ദേശീയ പൗരത്വ പട്ടിക സാധൂകരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ അമിത് ഷാ ഇപ്പോള്‍ മുറുകെ പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നെങ്കിലും അത് രാജ്യസഭ പാസാക്കാത്തതിനാലും ലോക്‌സഭാ കാലാവധി അവസാനിച്ചതിനാലും പരാജയപ്പെട്ടതാണെന്ന് നമ്മള്‍ ഓര്‍ക്കണം. ആരൊക്കെയാണ് ഇന്ത്യയുടെ പൗരന്മാരായി കണക്കാക്കേണ്ടതെന്ന് വ്യാഖ്യാനിക്കുന്ന പൗരത്വ നിയമം നിലവില്‍ വന്നത് 1955ലാണ്.
പൗരത്വ ഭേദഗതി ബില്ലിനെ ദേശീയ പൗരത്വ പട്ടികയുമായി കൂട്ടിച്ചേര്‍ക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാരായി എത്തുന്ന മുസ്‌ലിംകള്‍ ഒഴികെയുള്ളവരെ ആറു വര്‍ഷത്തെ സ്ഥിര താമസത്തിനുശേഷം ഇന്ത്യയിലെ പൗരന്മാരായി കണക്കാക്കാന്‍ അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ല്. ഇത് ഭരണഘടനാ വിരുദ്ധമാണ്. പൗരത്വ ഭേദഗതി ബില്ല് ഒരു മത സമുദായത്തിലെ അംഗങ്ങളോട് വിവേചനം കാണിക്കുകയും തുല്യതയ്ക്കുള്ള അവകാശം ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുകയും ചെയ്യുന്നു. ഈ ബില്‍ പാസാക്കാന്‍ ഉള്ള ഭൂരിപക്ഷം ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രി ഉറക്കെ വിളിച്ചു പറയുന്നത്.
അമിത് ഷായ്ക്കും സംഘപരിവാരത്തിനും എന്‍ആര്‍സിയും പൗരത്വ ഭേദഗതി ബില്ലും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തങ്ങള്‍ മുസ്‌ലിം അല്ലെന്ന് കാണിക്കേണ്ടതുണ്ട്, ആറു വര്‍ഷത്തിലധികമായി അവര്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ പൗരന്മാരാകും. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ ആറുവര്‍ഷമോ അതിലധികമോ കാലമായി ഇന്ത്യയില്‍ താമസിച്ചുവരുന്ന മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് മാത്രം ഇവിടെ ജീവിക്കാന്‍ ഒരവകാശവും ഇല്ലാതാകും. അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ മുസ്‌ലിംകളെ കൊണ്ടെത്തിക്കുക എന്നതാണ് ഇതിലൂടെ സംഘപരിവാരം ഉന്നംവയ്ക്കുന്നത്.
പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. മേല്‍പറഞ്ഞ മതപരമായ വിവേചനം ഉള്‍ക്കൊള്ളുന്നതിനായി അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളില്‍ ആദ്യത്തെ മോദി സര്‍ക്കാര്‍ ഇതിനകം ഭേദഗതി വരുത്തിയിട്ടുണ്ട് എന്നതാണത്. 1946ലെ വിദേശികള്‍ക്കുള്ള നിയമം, 1920 ലെ പാസ്‌പോര്‍ട്ട് നിയമം എന്നിവ ഇന്ത്യയ്ക്കുള്ളില്‍ വിദേശികളുടെ പ്രവേശനം, താമസസ്ഥലം, തിരിച്ചുപോകല്‍ എന്നിവ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. 2015 ലും 2016 ലും കേന്ദ്ര സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരില്‍ ചിലരെ 1946, 1920 ലെ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് രണ്ട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 2014 ഡിസംബര്‍ 31നോ അതിനു മുമ്പോ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണ് ഒഴിവാക്കിയത്. അനധികൃത കുടിയേറ്റക്കാര്‍ മുസ്‌ലിംകള്‍ അല്ലെങ്കില്‍ നാടുകടത്തുകയോ തടവിലാക്കുകയോ ചെയ്യില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇത് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ അസമിലെ ഇപ്പോള്‍ ബിജെപി അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാനാകും. അമിത് ഷായുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, കുറഞ്ഞത് 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ (മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ) അതത് സംസ്ഥാനങ്ങളില്‍ ഉടന്‍ തന്നെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങി. ഡല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരി, കര്‍ണാടകയിലെ ബിജെപി ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ സംസ്ഥാന പോലിസിനെ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്), ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍, ഒഡീഷ സംസ്ഥാന അധ്യക്ഷന്മാര്‍ എന്നിവരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഗോവയിലും തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണം നേരത്തെ ആരംഭിച്ചു കഴിഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ ബിജെപി ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് ഷാ തന്നെ പ്രഖ്യാപിച്ചു. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന തരത്തില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ ശേഷം ഇത് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 2011ലെ സെന്‍സസ് കണക്കനുസരിച്ച്, അഖിലേന്ത്യാ തലത്തില്‍, ഒരു ലക്ഷം പേരില്‍ 190 ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ മാത്രമാണ് ഉള്ളത്. ഈ കുടിയേറ്റക്കാരില്‍ 87% പേരും പശ്ചിമ ബംഗാളിലും ത്രിപുരയിലുമാണ്. 1955 ലെ പൗരത്വ നിയമത്തില്‍ വ്യക്തമാക്കിയ 11 വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാലമായി അവര്‍ ഇന്ത്യയില്‍ താമസിക്കുന്നു. മാത്രമല്ല, അവര്‍ എല്ലാ മതങ്ങളിലും പെടുന്നവരാണ്. അതിനാല്‍, അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നതും മുസ്‌ലിം സമുദായത്തിന്റെ സ്‌ഫോടനാത്മക വളര്‍ച്ചയെക്കുറിച്ച് ബിജെപി നേതാക്കള്‍ പ്രകടിപ്പിക്കുന്ന പ്രത്യക്ഷമായ ഭയവും പ്രകോപനവും അവരുടെ ഹിന്ദുത്വവത്കരണത്തിന്റെ ഭാവനാ രൂപങ്ങള്‍ മാത്രമാണ്.