എസ്ഡിപിഐ പ്രവർത്തകർക്ക് അന്യായ കസ്റ്റഡി; പോലിസിനെതിരേ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
24 മണിക്കൂർ കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനാൽ ഇന്നലെ വൈകുന്നേരം ഉമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും കൂടി പാലക്കാട് സൗത്ത് പോലിസ് സ്റ്റേഷനിൽ അന്വേഷിച്ച് ചെന്നിരുന്നു. വൃദ്ധയായ അഷ്കറിൻ്റെ മാതാവിനെയും ഭാര്യയെയും കുഞ്ഞുങ്ങളേയും പോലിസ് സ്റ്റേഷൻ്റെ ഗേറ്റ് അടച്ച് രാത്രി മുഴുവൻ സ്റ്റേഷന്റെ പുറത്ത് നർത്തി
അഭിലാഷ് പി
എസ്ഡിപിഐ പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുന്നതായ ആരോപണം ഓരോ ദിവസവും വർധിച്ചുവരുന്ന സാഹചര്യമാണ് പാലക്കാട് നിലവിലുള്ളത്. പാലക്കാട് എലപ്പുള്ളിയിൽ പോപുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിനെ തുടർന്ന് മേലാമുറിയിൽ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിലാണ് മേഖലയിൽ പോലിസ് എസ്ഡിപിഐ പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ വച്ച് പീഠിപ്പിക്കുന്നുവെന്ന വാർത്തകൾ നിരന്തരം പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
എസ്ഡിപിഐ പ്രവർത്തകനായ കൈപ്പുറം സ്വദേശി അഷ്കറിനെ പാലക്കാട് പോലിസ് അന്യമായി കസ്റ്റഡിയിൽ കൊണ്ടുപോയിട്ട് 40 മണിക്കൂർ കഴിഞ്ഞെന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അഷ്കറിനെ കൈപുറത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പോലിസ് കൊണ്ടുപോയിരുന്നത്. എന്നാൽ അദ്ദേഹത്തെ വിട്ടയക്കാനോ വീട്ടുകാരെ മറ്റ് വിവരങ്ങൾ അറിയിക്കാനോ പോലിസ് തയ്യാറായിട്ടില്ലെന്ന് കുടുംബവും ബന്ധുക്കളും പറയുന്നു.
24 മണിക്കൂർ കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനാൽ ഇന്നലെ വൈകുന്നേരം ഉമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും കൂടി പാലക്കാട് സൗത്ത് പോലിസ് സ്റ്റേഷനിൽ അന്വേഷിച്ച് ചെന്നിരുന്നു. വൃദ്ധയായ അഷ്കറിൻ്റെ മാതാവിനെയും ഭാര്യയെയും കുഞ്ഞുങ്ങളേയും പോലിസ് സ്റ്റേഷൻ്റെ ഗേറ്റ് അടച്ച് രാത്രി മുഴുവൻ സ്റ്റേഷന്റെ പുറത്ത് നിർത്തിയെന്നും ഇവർ പറയുന്നു.
ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ പോലിസ് ഏകപക്ഷീയമായി പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന ആരോപണം ശക്തമാണ്. അത് ശരിവയ്ക്കുന്ന നിരവധി സംഭവങ്ങള്‍ ജില്ലയുടെ വിവിധ മേഖലകളിലെ പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിഎഫ്‌ഐ-എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്ന് ഒരു പടികൂടി കടന്ന് പിഡിപി, കോണ്‍ഗ്രസ് തുടങ്ങിയ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ മുസ് ലിംകളായ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിരുന്നതായ വാർത്തകളും നേരത്തേ പുറത്തുവന്നിരുന്നു.
ജില്ലയിലെ പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മൊബൈലുകള്‍ വാങ്ങിവയ്ക്കുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. പ്രതികളോ പ്രതികളുമായി ബന്ധപ്പെട്ടതോ ആയവരുടെ മൊബൈല്‍ ഫോണുകളല്ല പിടിച്ചെടുക്കുന്നത്. മൊബൈലുകള്‍ വാങ്ങി സൈബര്‍ സെല്ലിലേക്ക് അയക്കുകയും, കൃത്യസമയത്ത് തിരിച്ചു നല്‍കാതെ ബോധപൂര്‍വം വൈകിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയും നിലിൽക്കുന്നു. പരാതികൾ നൽകുന്നുണ്ടെങ്കിലും നടപടിയില്ല എന്നതാണ് വസ്തുത.
പോലിസിന്റെ നിയമവിരുദ്ധവും അന്യായവും മനുഷ്യത്വ വിരുദ്ധവുമായ ഈ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. പാലക്കാട് വിഷയവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലും ബന്ധപ്പെടാത്ത പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുന്ന പോലിസ് നിലപാട് അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ട് വരുമെന്ന് ജില്ലാ പ്രസിഡന്റ് ഷെഹീർ ചാലിപ്പുറം പറഞ്ഞു.
കേരള പോലിസിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ വ്യാപകമായി ഉയരുന്നുണ്ടെങ്കിലും പോലിസ് നിലപാടുകൾ മാറ്റാൻ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. രണ്ട് കൊലപാതകങ്ങള്‍ പാലക്കാട് നടന്നെങ്കിലും, ശ്രീനിവാസന്‍ വധക്കേസില്‍ മാത്രമാണ് പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന വിമര്‍ശനം വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നുണ്ട്. എങ്കിലും സർക്കാരും പോലിസും വിഷയത്തിൽ മൗനം നടിക്കുകയാണ്.