ആക്രമണത്തിനിടയിലും മസ്ജിദുല്‍ അഖ്‌സയില്‍ റമദാനിലെ ആദ്യ വെള്ളിയാഴ്ചയെത്തിയത് 2 ലക്ഷം പേര്‍
റമദാനിന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു
ജെറുസലേം: ഇസ്രായേല്‍ ആക്രമണത്തിനിടയിലും മസ്ജിദുല്‍ അഖ്‌സയില്‍ വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയത് രണ്ടു ലക്ഷത്തിലേറെ വിശ്വാസികള്‍. ഇസ്രായേല്‍ അധിനിവേശ സേനയുടെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയാണ് മസ്ജിദുല്‍ അഖ്‌സയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തിയത്. ജെറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഭാഗങ്ങളിലെല്ലാം അതിരാവിലെ മുതല്‍ ഇസ്രായേല്‍ സൈന്യം കടുത്ത പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 40 വയസ്സിനു താഴെയുള്ളവരെ അഖ്‌സയില്‍ ജുമുഅ പ്രാര്‍ഥനയ്ക്കു പ്രവേശിക്കുന്നതിനെ ഇസ്രായേല്‍ സേന വിലക്കിയിരുന്നതായി ഖുദ്‌സ് പ്രസ് റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പോലിസും അതിര്‍ത്തിയിലെ സുരക്ഷാസൈന്യവും ജെറുസലേമിനും അല്‍ അഖ്‌സ മസ്ജിദിനും ചുറ്റിലുമായി നിരവധി ബാരക്കുകളാണ് കെട്ടിയിരുന്നത്. എന്നിട്ടും വീല്‍ചെയറിലും മറ്റുമായി റമദാനിലെ ആദ്യ വെള്ളിയാഴ്ച രണ്ടു ലക്ഷത്തോളം ഫലസ്തീനികളാണ് പുണ്യകേന്ദ്രമായ മസ്ജിദുല്‍ അഖ്‌സയിലെത്തിയതെന്നത് ശ്രദ്ധേയമാണ്. പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. ജെറിസലേം ഇസ് ലാമിക് വഖ്ഫ് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം 180,000 പേരും ഇസ്രായേല്‍ കണക്ക് പ്രകാരം 1.35-1.80 ലക്ഷം പേരുമാണ് പ്രാര്‍ഥനയ്‌ക്കെത്തിയത്. റമദാനിന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.