മാലിയില്‍ സായുധാക്രമണം; 21 സൈനികര്‍ കൊല്ലപ്പെട്ടു
മോപ്തി പ്രവിശ്യയിലെ സൈനിക ക്യാംപിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമെത്തിയ സായുധര്‍ ക്യാംപിനുനേരെ വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
ബമാക്കോ: സെന്‍ട്രല്‍ മാലിയിലെ സൈനിക ക്യാംപിനു നേരേ സായുധര്‍ നടത്തിയ ആക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാംപിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമെത്തിയ സായുധര്‍ ക്യാംപിനുനേരെ വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ദാരുണമായ സംഭവത്തിനെതിരേ മാലിയിലെ ജനങ്ങള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് പ്രസിഡന്റ് ഇബ്രാഹിം ബൗബേക്കര്‍ കെയ്ത ട്വിറ്ററിലൂടെ ആഹ്വാനംചെയ്തു.
2012ല്‍ അല്‍ക്വയ്ദയുമായി ബന്ധമുള്ളവര്‍ മാലിയുടെ വടക്കന്‍ മരുപ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, 2013 ജനുവരിയില്‍ സൈനികനടപടിയിലൂടെ സായുധരെ തുരത്തി. 2015 ജൂലൈയില്‍ സായുധരുമായി മാലി സര്‍ക്കാര്‍ സമാധാന ഉടമ്പടിയും ഒപ്പുവച്ചു. എന്നാല്‍, ഇതെല്ലാം ലംഘിച്ച് വീണ്ടും മേഖലയില്‍ നിരവധി സായുധാക്രമണങ്ങളുണ്ടായി. 2016ല്‍ 183 ഉം 2017ല്‍ 226 ഉം 2018 ല്‍ 237 ഉം സായുധാക്രമണങ്ങളാണ് മാലിയിലുണ്ടായതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന് ഈമാസം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.