അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തിരക്കേറിയ ട്രാഫിക് ജങ്ഷനിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. കത്തുകള്‍ കൊണ്ടു പോവുന്ന ട്രക്ക് തട്ടിയെടുത്താണ് അക്രമം നടത്തിയത്. ട്രക്ക് കടന്നു പോവുന്ന വഴിയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു.

Update: 2019-09-01 01:55 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്കു പരിക്കേറ്റതായും ഒഡേസ പോലിസ് മേധാവി മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പോലിസ് ഓഫസിര്‍മാര്‍ക്കും പരിക്കേറ്റു. തിരിച്ചടിയില്‍ അക്രമിയും കൊല്ലപ്പെട്ടു.

തിരക്കേറിയ ട്രാഫിക് ജങ്ഷനിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. കത്തുകള്‍ കൊണ്ടു പോവുന്ന ട്രക്ക് തട്ടിയെടുത്താണ് അക്രമം നടത്തിയത്. ട്രക്ക് കടന്നു പോവുന്ന വഴിയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. ട്രക്ക് തട്ടിയെടുക്കപ്പെട്ട ഉടനെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലിസ് പറഞ്ഞു.

ഒഡേസയെ മിഡ്‌ലാന്റുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍‌സ്റ്റേറ്റ് 20 ഹൈവേയിലാണ് ഏതാനും പേര്‍ക്ക് വെടിയേറ്റത്. ഇവിടെ കാറുകളില്‍ വെടിയേറ്റ് തുളഞ്ഞതിന്റെ പാടുകളുണ്ട്. വെടിവയപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറ്റോണി ജനറല്‍ ബില്‍ ബാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും എഫ്ബിഐയും പോലിസും പൂര്‍ണമായി രംഗത്തുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

എല്‍പാസോയിലെ വാള്‍മാര്‍ട്ടില്‍ നടന്ന വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ട് ഒരു മാസത്തിനകമാണ് പുതിയ സംഭവം. വെളുത്ത വംശമേധാവിത്വ വാദിയായ പാട്രിക് ക്രൂസിയസ് എന്നയാള്‍ മെക്‌സിക്കന്‍ വംശജരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു അത്. 

Tags:    

Similar News