അഫ്ഗാനില്‍നിന്ന് 85 പേരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി കാബൂളില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജികിസ്താനിലെ ദുഷാന്‍ബെയില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. വൈകാതെ തന്നെ ഡല്‍ഹിയില്‍ വിമാനമെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യയുടെ എല്ലാ നയതന്ത്ര ജീവനക്കാരെയും ഒഴിപ്പിച്ചെങ്കിലും രാജ്യത്തെ ആയിരത്തോളം പൗരന്‍മാര്‍ പല നഗരങ്ങളിലുമുണ്ടായിരുന്നു. അവരുടെ സ്ഥാനവും അവസ്ഥയും കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാരണം അവരെല്ലാം എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഹാമിദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ടുണ്ട്. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്തെത്തിച്ചത്. നിലവില്‍ കാബൂളിലെ ഹാമിദ് കര്‍സായി വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതല അമേരിക്കന്‍ സൈന്യത്തിനാണ്. ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അമേരിക്ക നിഷേധിച്ചിരിക്കുകയാണ്.
പ്രശ്‌നം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 250 ഇന്ത്യന്‍ പൗരന്‍മാരെ കൂടി നാട്ടിലെത്തിക്കാന്‍ കാബൂളിലേക്ക് പറക്കാന്‍ മറ്റൊരു എയര്‍ഫോഴ്‌സ് വിമാനം സി 17 തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ആഗസ്ത് 15 ന് രണ്ട് ഐഎഎഫ് സി 17 വിമാനത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെയും കാബൂളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.