കൊവിഡ് ഡെല്‍റ്റ വകഭേദം പടരുന്നു; ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ ലോക്ക് ഡൗണ്‍

Update: 2021-07-31 07:29 GMT

കാന്‍ബറ: കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആസ്‌ത്രേലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്‌ബെയ്‌നില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാവും. ബ്രിസ്‌ബേണും ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്റെ ഭാഗമായി കേസുകള്‍ ഉയരുകയാണ്. മൂന്ന് ദിവസത്തേക്ക് ആളുകള്‍ വീടുകള്‍ക്കുള്ളില്‍ കഴിയണമെന്ന നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന ഡെപ്യൂട്ടി പ്രീമിയര്‍ സ്റ്റീവന്‍ മൈല്‍സ് പറഞ്ഞു.

ഡെല്‍റ്റയെ മറികടക്കാന്‍ ഒരേയൊരു മാര്‍ഗം വേഗത്തില്‍ നീങ്ങുക, വേഗതയുള്ളതും ശക്തവുമായിരിക്കുക- മൈല്‍സ് പറഞ്ഞു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ കണ്ടെത്തിയ ഡെല്‍റ്റ വൈറസില്‍നിന്ന് രൂപപ്പെട്ട ക്ലസ്റ്ററിലാണ് ആറ് പുതിയ കേസുകള്‍ ശനിയാഴ്ച റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തല്‍ഫലമായി രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊവിഡ് വ്യാപനത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമല്ലെന്ന് ചീഫ് ഹെല്‍ത്ത് ഓഫിസര്‍ ജീനറ്റ് യങ് പറഞ്ഞു. നഗരം നടപ്പാക്കിയ കര്‍ശനമായ ലോക്ക് ഡൗണില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതും വ്യായാമം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ.

ആസ്ത്രലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയും പരിസരവും ലോക്ക് ഡൗണ്‍ അഞ്ചാം ആഴ്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബ്രിസ്‌ബെയ്‌നില്‍ ഡെല്‍റ്റ പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള അതീവജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. നാമെല്ലാവരും ഈ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്- മൈല്‍സ് ആവര്‍ത്തിച്ചു. സിഡ്‌നി ശനിയാഴ്ച 210 പുതിയ പ്രാദേശിക കേസുകള്‍ സ്ഥിരീകരിച്ചു. ആഴ്ചയുടെ തുടക്കത്തില്‍ കണ്ടെത്തിയ റെക്കോഡ് എണ്ണത്തില്‍നിന്ന് അല്‍പ്പം കുറവാണിത്.

Tags:    

Similar News