ലോക്ക് ഡൗണിനിടയിലും ആസ്‌ത്രേലിയയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു
സിഡ്‌നി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടര്‍ന്നുപിടിക്കുന്നു. ഇതോടെ ആസ്‌ത്രേലിയയില്‍ ഈവര്‍ഷത്തെ റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഡ്‌നിയില്‍ ലോക്ക് പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് 112 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
സിഡ്‌നിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസത്തെ റെക്കോര്‍ഡ് കേസ് നമ്പറുകളാണുള്ളത്. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 45ല്‍നിന്ന് 34 ആയി കുറഞ്ഞു. വെള്ളിയാഴ്ച അവസാനിക്കാനിരിക്കുന്ന സിഡ്‌നിയുടെ ലോക്ക് ഡൗണ്‍ ഇനി നീട്ടുമോയെന്നാണ് അറിയേണ്ടത്. വരും ദിവസങ്ങളിലെ കൊവിഡ് കേസുകള്‍ പരിശോധിച്ചശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് സ്‌റ്റേറ്റ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു.
തിങ്കളാഴ്ചത്തെ കേസുകളില്‍ ഭൂരിഭാഗവും ഇതിനകം രോഗബാധിതരുടെ കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ആണെന്ന് ബെറെജിക്ലിയന്‍ പറഞ്ഞു. ആസ്‌ത്രേലിയയിലെ 25 ദശലക്ഷം ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന സിഡ്‌നിയിലെ ലോക്ക് ഡൗണ്‍ നടപടികള്‍ വാരാന്ത്യത്തില്‍ കര്‍ശനമാക്കി.
ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ രണ്ടുപേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി ഓരോ ദിവസവും ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ കഴിയൂ. സ്‌നാപ്പ് ലോക്ക് ഡൗണുകള്‍, വേഗത്തിലുള്ള സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍, സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങള്‍ എന്നിവയിലൂടെ ആസ്‌ത്രേലിയ നേരത്തെ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തിയിരുന്നു.