ഗസയില്‍ സ്‌കൂളിനു നേരെ ബോംബാക്രമണം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

Update: 2024-08-10 05:28 GMT

ഗസ: ഗസയില്‍ വീണ്ടും ഇസ്രായേലിന്റെ കൂട്ടക്കൊല. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസയിലെ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതേസമയം ഹമാസ് കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

'' അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി'' ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.സ്‌കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വന്‍ തീപിടിത്തത്തിന് കാരണമായി. കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് റോക്കറ്റുകളാണ് സ്‌കൂളിന് മുകളില്‍ പതിച്ചത്. വ്യാഴാഴ്ച ഗസയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.

അതേസമയം 10 മാസം പിന്നിട്ട ഗസ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ പുനരാരംഭിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. യു.എസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സംയുക്ത ആഹ്വാനത്തിന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിനിധിസംഘത്തെ അയക്കാമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.


Tags:    

Similar News