ഗസയക്ക് ആശ്വാസം; റമദാനില്‍ ആക്രമണം നടത്തില്ല; അമേരിക്കന്‍ നിര്‍ദേശം അംഗീകരിച്ച് ഇസ്രായേല്‍

ഗസ: ഗസയില്‍ റമദാന്‍ മാസത്തില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രായേല്‍. റമദാനില്‍ ആക്രമണം വേണ്ടെന്ന അമേരിക്കന്‍ നിര്‍ദേശം അംഗീകരിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം അവസാനിച്ച സാഹചര്യത്തിലാണ് അമേരിക്ക പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഈജിപ്തില്‍ നടന്ന രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
അതേസമയം, ഹമാസിന്റെ പക്കലുള്ള ബന്ദികളില്‍ പകുതി പേരെ ഇപ്പോള്‍ കൈമാറണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അതിക്രമം തുടരുന്നുണ്ട്. കരാറില്‍ നിന്ന് പിറകോട്ട് പോകാന്‍ നെതന്യാഹുവിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് ബന്ധികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് നെതന്യാഹു തിരിച്ചടിച്ചു.
ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടവെടിനിര്‍ത്തല്‍ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈജിപ്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ തീരുമാനമാകാത്തത് മൂലം ഇസ്രായേല്‍ സംഘം കൈറോയില്‍ നിന്ന് മടങ്ങിയിരുന്നു. യു.എസ് ഇടപെടലിനെ തുടര്‍ന്ന് ഇസ്രായേല്‍ ചര്‍ച്ചക്ക് തയാറായെങ്കിലും ആദ്യ ധാരണകളില്‍ നിന്ന് പിന്നോട്ടുപോകാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് ഹമാസ് നിലപാടെടുത്തു. രണ്ടാം ഘട്ടത്തില്‍ ഫിലഡല്‍ഫി ഇടനാഴിയില്‍ നിന്നടക്കം ഗസയില്‍ നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്‍മാറ്റം വ്യവസ്ഥയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ഇസ്രായേല്‍ മുന്നോട്ടു പോയതും കരാര്‍ അനിശ്ചിതത്വത്തിലാക്കി. വിഷയത്തില്‍ ഇസ്രായേല്‍ അടിയന്തര സുരക്ഷാ യോഗം ഇന്ന് രാത്രി ചേരും.
കരാര്‍ തുടരണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അതേസമയം ഇസ്രായേലിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്ക ഉടന്‍ കൈമാറും.