വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ; 10 രാജ്യങ്ങള്‍ എതിര്‍ത്തു
പ്രമേയത്തില്‍ ഹമാസിനെ പരാമര്‍ശിച്ചിട്ടില്ല. ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ യു.എസ്, പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. '2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേലില്‍ നടന്ന ഹമാസിന്റെ ഹീനമായ ഭീകരാക്രമണങ്ങളെയും ബന്ദികളാക്കിയതിനെയും അസന്ദിഗ്ധമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു', എന്ന ഖണ്ഡിക കൂട്ടിച്ചേര്‍ത്ത് ഭേദഗതി വരുത്താനായിരുന്നു നിര്‍ദേശം. ഈ ഭേദഗതിയെ പിന്തുണച്ചുകൊണ്ടാണ് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.
'യു.എന്‍. ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തു. വലിയ മാനുഷിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നു. അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ സാഹചര്യങ്ങളിലും പാലിക്കപ്പെടണം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമമുണ്ട്', യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. യുദ്ധമേഖലകളിലെ ഗൗരവ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് രാജ്യാന്തര സമൂഹം പ്രകടിപ്പിക്കുന്ന ഐക്യത്തെ ഇന്ത്യ സ്വാഗതംചെയ്യുന്നതായും അവര്‍ വ്യക്തമാക്കി.
ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത സമാനമായ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നെങ്കിലും ഗസ മുനമ്പില്‍ മനുഷ്യത്വപരമായ സമീപനം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഗസയില്‍ വിവേചനരഹിതമായ രീതിയില്‍ നടത്തിയ ബോംബാക്രമണം രാജ്യത്തിന് ഹമാസിനെതിരായ യുദ്ധത്തിനുള്ള ആഗോള പിന്തുണ നഷ്ടപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ദ്വിരാഷ്ട്ര പരിഹാരത്തില്‍ നെതന്യാഹു തന്റെ നിലപാട് മാറ്റേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു. സംഘര്‍ഷാനന്തര ഗസ എങ്ങനെ നയിക്കുമെന്ന കാര്യത്തില്‍ ബൈഡനുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് നെതന്യാഹു പ്രതികരിച്ചു.