പരിശീലനപ്പറക്കലിനിടെ ചൈനീസ് യുദ്ധവിമാനം തകര്‍ന്നുവീണു; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്
പൈലറ്റിനെയും പരിക്കേറ്റവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെയ്ജിങ്: മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ ഒരു ജനവാസ മേഖലയില്‍ വ്യാഴാഴ്ച ചൈനീസ് സൈനിക വിമാനം തകര്‍ന്നുവീണു. രണ്ട് മാസത്തിനിടെയുണ്ടാകുന്ന രാജ്യത്തെ മൂന്നാമത്തെ വ്യോമയാന അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സിന്റെ ജെ7 യുദ്ധവിമാനമാണ് സിയാങ്‌യാങ് നഗരത്തിലെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണത്.
പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകള്‍ സംഭവിച്ചതിന് പുറമെ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൈലറ്റ് വിജയകരമായി വിമാനത്തില്‍നിന്ന് പുറത്തുകടന്നു. പൈലറ്റിനെയും പരിക്കേറ്റവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടകാരണവും ആളപായവും കൂടുതല്‍ അന്വേഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീണ് നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തിനിടെ ജെ7 യുദ്ധവിമാനം തകര്‍ന്നതായി സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവിയുടെ സൈനിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവസ്ഥലത്ത് നിരവധി വീടുകള്‍ക്ക് തീപിടിച്ചതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അപകടത്തിന്റെ വീഡിയോകള്‍ കാണിച്ചു.
എയര്‍ഫോഴ്‌സില്‍ നിന്നുള്ള പുതിയ ഫൈറ്റര്‍ പൈലറ്റുമാരുടെ പരിശീലന സൈറ്റായാണ് ഇപ്പോള്‍ ലാഹോകൗ എയര്‍പോര്‍ട്ട് പ്രധാനമായും ഉപയോഗിക്കുന്നത്.പരിശീലനപ്പറക്കലിനിടെ ചൈനീസ് യുദ്ധവിമാനം തകര്‍ന്നുവീണു;
ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്