കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 170 ആയി; സൈന്യത്തോട് രംഗത്തിറങ്ങാന്‍ നിര്‍ദേശം

വൈറസ് ബാധ നേരിടാന്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോഴും വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വൈറസ് ബാധ ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട വുഹാന്‍ ഉള്‍പ്പടെ ചൈനയിലെ 17 നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

Update: 2020-01-30 01:37 GMT

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 38 പേരാണ് മരണത്തിനു കീഴടങ്ങിയത്. 7,771 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഇത് 5,974 ആയിരുന്നു. 12,167 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലുണ്ടെന്നാണ് റിപോര്‍ട്ട്. ഇതില്‍ 162 മരണവും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഹുബെ പ്രവിശ്യയിലാണ്. 124 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസ് ബാധ നേരിടാന്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോഴും വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വൈറസ് ബാധ ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട വുഹാന്‍ ഉള്‍പ്പടെ ചൈനയിലെ 17 നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ നഗരങ്ങളിലായി അഞ്ചുകോടിയോളം ജനങ്ങളുണ്ട്. ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍നിന്നുള്ള യാത്രികരെ മുഴുവന്‍ സ്‌ക്രീന്‍ ചെയ്യാന്‍ ലോകത്തിലെ വിവിധ വിമാനത്താവളങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ചൈനയ്ക്കു പുറമേ ആസ്‌ത്രേലിയ, കാനഡ, ഫ്രാന്‍സ്, യുഎസ്, ജര്‍മനി, ജപ്പാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗബാധ റിപോര്‍ട്ട് ചെയ്തു.

എല്ലാ രാജ്യങ്ങളും കൊറോണ വൈറസിന്റെ കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംഘടനയുടെ അടിയന്തരസമിതി ഇന്ന് യോഗം ചേരും. അതിനിടെ, ബ്രിട്ടീഷ് എയര്‍വെയ്‌സ് ചൈനയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മറ്റു ചില വിദേശ വിമാനക്കമ്പനികളും സര്‍വീസ് റദ്ദാക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. അമേരിക്കയും ജപ്പാനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയില്‍നിന്ന് തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിച്ചുതുടങ്ങി. കൊറോണ പരിശോധനയ്ക്കുള്ള ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം രോഗം കൃത്യമായി കണ്ടെത്തുന്നതിന് തടസം നേരിടുന്നതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സൈന്യത്തോട് രംഗത്തിറങ്ങാന്‍ നിര്‍ദേശം

വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലും സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലും സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷീ ചിന്‍ പിങ് നിര്‍ദേശം നല്‍കി. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘത്തെയും മറ്റും സഹായിക്കാന്‍ നിലവില്‍ സൈന്യത്തിന്റെ സേവനമുണ്ട്.

ഗൂഗിള്‍ ഓഫിസുകള്‍ അടച്ചുപൂട്ടി

ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫിസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോങ്കോങ്ങിലെയും തായ്‌വാനിലെയും ഓഫിസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക മേഖലയെയും ബാധിക്കുന്നതിന്റെ സൂചനയാണിത്. മക് ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്‌റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. വുഹാനിലുള്ള നാല് പാകിസ്താനി വിദ്യാര്‍ഥികള്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു.

Tags:    

Similar News