ഭീതിയൊഴിയാതെ കൊവിഡ്: ലോകത്ത് മരണം ഒരുലക്ഷത്തിനരികെ; 3.5 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി

അമേരിക്കയില്‍ വ്യാഴാഴ്ച ഒറ്റദിവസം 1,900 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ ആകെ എണ്ണം 16,691 ആയി. ഇന്നലെ മാത്രം 33,536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-04-10 01:32 GMT

വാഷിങ്ടണ്‍: ആഗോളതലത്തില്‍ ഭീതിപരത്തി കൊവിഡ് വൈറസ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നു. ലോകമാകെ കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 95,714 ആയി. 16,03,428 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 3.5 ലക്ഷം പേര്‍ക്ക് രോഗം ഭേദമായെന്ന ആശ്വാസവാര്‍ത്തയുമുണ്ട്. 11.51 ലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ച് ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 49,125 പേരുടെ നില അതീവഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മണിക്കൂറില്‍ 355 പേര്‍ക്ക് പുതുതായി രോഗം പിടിപെടുകയും 22 പേര്‍ മരിക്കുകയും ചെയ്തതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ വ്യാഴാഴ്ച ഒറ്റദിവസം 1,900 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ ആകെ എണ്ണം 16,691 ആയി. ഇന്നലെ മാത്രം 33,536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ 4,68,566 പേര്‍ക്ക് രോഗം പിടിപെട്ടു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം. വ്യാഴാഴ്ച 799 പേരാണ് മരിച്ചത്. പുതുതായി 10,333 പേര്‍ക്ക് രോഗം കണ്ടെത്തുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ഇറ്റലിയിലാണ്. സ്ഥിതിഗതികള്‍ സങ്കീര്‍ണമായിക്കൊണ്ടിരുന്ന ഇറ്റലിയില്‍ 18,279 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1,43,626 പേര്‍ക്ക് വൈറസ് ബാധിച്ചതില്‍ 28,470 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ മരണം ഇന്നലെ ഉണ്ടായത്. ഫ്രാന്‍സില്‍ 1,341 പേരാണ് മരിച്ചത്. ഇതുവരെ 12,210 പേര്‍ ആകെ മരണപ്പെട്ടു. 4,799 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,17,749 ആയി ഉയര്‍ന്നു.

വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിതി ഏറെക്കുറെ ശാന്തമാണ്. വുഹാനില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇന്നലെ രണ്ടുപേര്‍ ചൈനയില്‍ മരിച്ചു. പുതുതായി 63 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ ആകെ രോഗം പിടിപെട്ട 81,907 പേരില്‍ 3,336 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവിടെയുള്ള 77,455 പേര്‍ക്ക് രോഗം ഭേദമായതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച് ജര്‍മനിയില്‍ 2,607 മരണങ്ങളും സ്‌പെയിനില്‍ 15,447 മരണങ്ങളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

Tags:    

Similar News