ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം; തിങ്കളാഴ്ച മുതല്‍ ബ്രിട്ടന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു
വിദേശത്തുനിന്നും രാജ്യത്തേയ്ക്ക് എത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബ്രസീലില്‍ തിരിച്ചറിഞ്ഞ പുതിയ വൈറസ് വകഭേദം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തെക്കേ അമേരിക്കയില്‍നിന്നും പോര്‍ച്ചുഗലില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നതോടെയാണിത്.
ലണ്ടന്‍: കൊവിഡിന്റെ ഇനിയും തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. വിദേശത്തുനിന്നും രാജ്യത്തേയ്ക്ക് എത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബ്രസീലില്‍ തിരിച്ചറിഞ്ഞ പുതിയ വൈറസ് വകഭേദം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തെക്കേ അമേരിക്കയില്‍നിന്നും പോര്‍ച്ചുഗലില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നതോടെയാണിത്.
ഫെബ്രുവരി 15 വരെ പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും പ്രാബല്യത്തിലുണ്ടാവുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിദേശത്തുനിന്ന് എത്തിയേക്കാവുന്ന പുതിയ വൈറസ് വകഭേദം രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തേക്ക് എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം.
അഞ്ചുദിവസത്തിനുശേഷം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആയില്ലെങ്കില്‍ 10 ദിവസംവരെ ക്വാറന്റൈനില്‍ തുടരണം. യുകെയിലുടനീളം ഈ നിയമങ്ങള്‍ ബാധകമാക്കും. അതിര്‍ത്തിയിലും രാജ്യത്തിനകത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ വൈറസ് ബാധിച്ച് ബ്രിട്ടനില്‍ 1,280 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 87,291 ആയി ഉയര്‍ന്നു. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 55,761 പുതിയ കേസുകള്‍ കൂടി രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഇത് 48,682 ആയിരുന്നു.