ലണ്ടന്‍: ഫലസ്തീനില്‍ ഇസ്രായേലിന്റെ മനുഷ്യക്കുരുതി അയവില്ലാതെ, അതിക്രൂരമായി തുടരുകയാണ്. ലോകമെങ്ങും ഉയരുന്ന പ്രതിഷേധങ്ങളൊന്നും സയണിസ്റ്റ് അധിനിവേശ സൈനിക ഭരണകൂടത്തിന് മനംമാറ്റമുണ്ടാക്കിയിട്ടില്ല. ഹമാസിന്റെ പേരുപറഞ്ഞ് ഇസ്രായേല്‍ വ്യോമാക്രമണം തുടങ്ങിയതുമുതല്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ബ്രിട്ടന്‍. ഏറ്റവുമൊടുവില്‍ പത്തു ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിക്കാണ് പാരീസും മറ്റു നഗരങ്ങളും സാക്ഷ്യം വഹിച്ചത്. എന്നാല്‍, ഇതിനേക്കാള്‍ പ്രാധാന്യമുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം യുകെയില്‍ നിന്നുണ്ടായത്. കടുത്ത വലതുപക്ഷവാദിയും ഫലസ്തീന്‍ അനുകൂലികളെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ സുവല്ല ബ്രേവര്‍മാനെ പ്രധാനമന്ത്രി ഋഷി സുനക് അപ്രതീക്ഷിതമായി പുറത്താക്കി. ശനിയാഴ്ച നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചിനെ പോലിസ് അതിശക്തമായി കൈകാര്യം ചെയ്തില്ലെന്ന് ആരോപിച്ചും വിദ്വേഷറാലിയെന്ന് വിശേഷിപ്പിച്ചും പ്രമുഖ മാധ്യമമായ ടൈംസില്‍ എഴുതിയ ലേഖനം വിവാദമായതിനു പിന്നാലെയാണ് പുറത്താക്കല്‍. ഋഷി സുനക്കിനെ സമ്മര്‍ദത്തിലാക്കുന്ന ഇന്ത്യന്‍ വംശജ കൂടിയായ സുവല്ലയുടെ ലേഖനം കോളിളക്കമുണ്ടാക്കിയതിനു പിന്നാലെയായിരുന്നു നടപടി. സുനക് മന്ത്രി സഭയിലെ മറ്റ് അംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറിയിലെത്തും മുമ്പ് സ്ഥാനചലനം ഉണ്ടായത്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭയിലും ആഭ്യന്തര സെക്രട്ടറിയായിരുന്ന സുവല്ല 2022 ഒക്ടോബറില്‍ രാജിവച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിര്‍ന്ന എംപിക്കു സ്വകാര്യ ഇമെയില്‍ വഴി കൈമാറിയതിനായിരുന്നു നടപടി നേരിട്ടത്. ഋഷി സുനക് അധികാരത്തിലെത്തിയപ്പോള്‍ സുവല്ലയെ വീണ്ടും ആഭ്യന്തര മന്ത്രിയാക്കിയത് ഏറെ വിവാദമായിരുന്നു. ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് സുവല്ല ബ്രോവര്‍മാനെ പുറത്താക്കി പകരം കൊണ്ടുവന്നത് വിദേശകാര്യമന്ത്രിയായിരുന്ന ജെയിംസ് ക്ലെവര്‍ലിയെയാണ്. മന്ത്രിസഭ പുനഃസംഘടനയെന്നു വിശേഷിപ്പിച്ച് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുന്നതിനിടെ ഋഷി സുനക് മന്ത്രിസഭയിലെ രണ്ട് ജൂനിയര്‍ മന്ത്രിമാര്‍ രാജിവച്ചിരുന്നു. സ്‌കൂള്‍ മന്ത്രി നിക്ക് ഗിബ്, ആരോഗ്യമന്ത്രി നീല്‍ ഒബ്രിയന്‍ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ എംപി പോലുമല്ലാത്ത മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ഋഷി സുനക് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. അഭ്യന്തരമന്ത്രി സുവല്ല ബ്രാവര്‍മാനെ പുറത്താക്കിയതിനേക്കാള്‍ വലിയ പ്രാധാന്യമാണ് കാമറൂണിന്റെ മന്ത്രിസഭാ പ്രവേശനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നത്. 2010 മുതല്‍ 2016 വരെ പ്രധാനമന്ത്രിയായിരുന്ന കാമറൂണ്‍ 2005 മുതല്‍ 2016 വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലീഡറായിരുന്നു. 2005 മുതല്‍ 2010 വരെ പ്രതിപക്ഷ നേതാവായി. ഡേവിഡ് കാമറൂണിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് മധ്യേഷ്യയിലെ ബ്രിട്ടീഷ് നയങ്ങളില്‍ പ്രത്യാഘാതമുണ്ടാക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കാരണം, കാമറൂണ്‍ മുമ്പ് ഗസ മുനമ്പിനെ 'ഒരു ജയില്‍ ക്യാംപ് എന്നാണ് വിളിച്ചിരുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അദ്ദേഹം വാദിച്ചിരുന്നു. അതിനാല്‍തന്നെ, കടുത്ത ഫലസ്തീന്‍ വിഷയത്തില്‍ ഋഷി സുനക് തുടരുന്ന കടുത്ത ഇസ്രായേല്‍ അനുകൂലവാദത്തിന് മാറ്റമുണ്ടാവുമോയെന്നാണ് നോക്കുന്നത്. എന്നാല്‍, ഒരേസമയം തന്നെ ഗസയെ ജയില്‍ ക്യാംപെന്ന് വിശേഷിപ്പിക്കുകയും ഇസ്രായേലിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നയാളാണ് കാമറൂണ്‍ എന്ന് മനസ്സാലാക്കാനാവും. ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പോലും സഹികെട്ടപ്പോഴുള്ള പ്രത്യാക്രമണമൈന്ന് വിശേഷിപ്പിച്ചപ്പോള്‍ ഡേവിഡ് കാമറൂണ്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. നീലയും വെള്ളയുമുള്ള ഇസ്രായേല്‍ പതാക എക്‌സില്‍ പങ്കുവച്ചായിരുന്നു കാമറൂണിന്റെ പിന്തുണ പ്രഖ്യാപനം. അതിനാല്‍തന്നെ, ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ (എസ്ഒഎഎസ്) ഇന്റര്‍നാഷനല്‍ റിലേഷന്‍സ് പ്രഫസര്‍ ബെന്‍ വിതം പറയുന്നതു പോലെ, കാമറൂണില്‍ നിന്ന് കൂടുതല്‍ അനുരഞ്ജന സ്വരം ഉണ്ടാവാമെങ്കിലും പോരാട്ടത്തില്‍ അദ്ദേഹം ഫലസ്തീന്‍കാര്‍ക്ക് അനുകൂലമായിരിക്കുമെന്ന് പറയാനാവില്ല.
2010 മുതല്‍ 2016 വരെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ കുടിയേറ്റങ്ങളെയും ഗസ മുനമ്പിലെ ഉപരോധത്തെയും കാമറൂണ്‍ വിമര്‍ശിച്ചത്. 2010ല്‍ തുര്‍ക്കി സന്ദര്‍ശനവേളയിലാണ് ഗസയെ ഒരു ജയില്‍ ക്യാംപായി തുടരാന്‍ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്തത്. എന്നിരുന്നാലും, 2014 ജൂലൈ 8 മുതല്‍ ആഗസ്ത് 26 വരെ നീണ്ട 50 ദിവസത്തെ ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സുകള്‍ പുനഃപരിശോധിക്കണമെന്ന സഖ്യ അംഗങ്ങളുടെ ആഹ്വാനങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തള്ളുകയായിരുന്നു. 2,251 ഫലസ്തീനികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ കാമറൂണ്‍ സര്‍ക്കാര്‍ ധാര്‍മികമായി പ്രതിരോധിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വിദേശകാര്യ ഓഫിസിലെ മുതിര്‍ന്ന മന്ത്രിയും ബ്രിട്ടീഷ് മന്ത്രിസഭയിലെ ആദ്യത്തെ മുസ് ലിമുമായ സയീദ ഹുസയ്ന്‍ വാര്‍സി രാജിവയ്ക്കുകയും ചെയ്തിരുന്നു.
സൗദി അറേബ്യയുമായുള്ള കാമറൂണിന്റെ വ്യക്തിപരമായ ബന്ധം ഉള്‍പ്പെടെയാണ് തിരിച്ചുവരവിന് കാരണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 2019 ല്‍ സൗദി അറേബ്യയില്‍ നടന്ന 'ദാവോസ് ഇന്‍ ദി ഡെസേര്‍ട്ട്' ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കളില്‍ ഒരാളായിരുന്നു കാമറൂണ്‍. ബ്രെക്‌സിറ്റിനു ശേഷമുള്ള സാഹചര്യത്തില്‍ മധ്യേഷ്യയിലെ ബ്രിട്ടീഷ് വിദേശനയത്തിന് ഏറെ പ്രാധാന്യമുണ്ട്. സൗദി അറേബ്യയെപ്പോലെ യൂറോപ്പിന് പുറത്തുള്ള രാജ്യവുമായി അടുപ്പം വര്‍ധിപ്പിക്കാനും കാമറൂണിനെ ഉപയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 ല്‍ ഐഎസിന്റെ പേരില്‍ ഇറാഖിലും സിറിയയിലും വ്യോമാക്രമണം വ്യാപിപ്പിക്കാന്‍ കാമറൂണ്‍ അനുമതി നല്‍കിയിരുന്നു. 2011ല്‍ ബ്രിട്ടനും ഫ്രാന്‍സും ലിബിയയില്‍ ഇടപെട്ടപ്പോള്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണത്തില്‍നിന്ന് സാധാരണക്കാരെ സംരക്ഷിക്കാനാണ് ഓപറേഷന്‍ എന്നായിരുന്നു കാമറൂണ്‍ സര്‍ക്കാരിന്റെ ന്യായീകരണം. ഇത്തരത്തില്‍ മറ്റൊരു സൈനിക നടപടിക്ക് മധ്യേഷ്യയില്‍ കാമറൂണ്‍ കളമൊരുക്കുമോയെന്നും കണ്ടറിയേണ്ടിവരും. ഏതായാലും പ്രധാനമന്ത്രി ഋഷി സുനകിന്റെ നയപരമായ ഇടപെടലുകള്‍ക്കു മീതെയല്ലെങ്കിലും ഡേവിഡേ കാമറൂണിന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.